കെഎസ്ആര്‍ടിസി തകര്‍ന്നുകാണണമെന്ന് ചിലർ സ്വപ്നം കാണുകയാണ്; പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ മുടങ്ങിയ പെന്‍ഷന്‍ പുനഃരാരംഭിച്ചു. അഞ്ച് മാസമായി മുടങ്ങി കിടന്നിരുന്ന പെന്‍ഷന്‍ വിതരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവര്‍ മന:പായസം ഉണ്ണേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിശിക അടക്കം പെൻഷൻ നൽകുമെന്നായിരുന്നു കെഎസ്ആർടിസി പെൻഷൻകാർക്ക് നൽകിയ വാഗ്ദാനം. സർക്കാർ അത് പ്രാവർത്തികമാക്കുകയാണ്. സഹകരണ ബാങ്കുകൾ വഴി പെൻഷൻ കൊടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ദുഷ്ചിന്തകളുമായി ചിലർ രംഗത്തെത്തിയെന്നും അവരോട് സഹതപിക്കാനേ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് നല്ലകാര്യം വന്നാലും തെറ്റായി കാണുക എന്നതാണ് ചിലരുടെ രീതി. വലിയ പലിശനിരക്കിൽ വായ്പ നൽകി ലാഭമുണ്ടാക്കാനാണ് സഹകരണ ബാങ്കുകൾ പെൻഷൻ കൊടുക്കുന്നത് എന്ന് ചിലർ പറയുന്നു.എന്നാൽ അത് ശരിയല്ല. ബാങ്കിംഗ് രീതിയിലുള്ള വായ്പ മാത്രമാണ് നൽകുക.

ലാഭം കണ്ടിട്ടല്ല സഹകരണ ബാങ്കുകൾ കെഎസ്ആർടിസിക്ക് വായ്പ നൽകുന്നതെന്നും  പൊതുമേഖല സംരക്ഷിക്കാനുള്ള ഉറച്ച തീരുമാനമാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയും സഹകരണ ബാങ്കുകളും ഈ തീരുമാനത്തോടെ തകർന്നു കാണണമെന്ന് ചിലർ സ്വപ്നം കാണുകയാണ്. അത് മന:പായസം മാത്രമായിരിക്കും. നോട്ട് നിരോധന കാലത്ത് സഹകരണമേഖലയെ തകർക്കാനുള്ള വലിയ ശ്രമങ്ങൾ നടന്നിരുന്നു. അതിനെ അതിജീവിച്ചവരാണ് നമ്മളെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. 

DONT MISS
Top