സംഗീതത്തിനും കലയ്ക്കും അതിരുകളില്ല: ജില്ലാ കലക്ടര്‍

കാസര്‍ഗോഡ് : നിയമക്കുരുക്കില്‍പ്പെട്ട് സുപ്രീംകോടതി വരെ എത്തി നില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കൊന്നും ആസ്വാദക മനസ്സുകളിലെ ഇശല്‍ മാണിക്യത്തിന് ഇളക്കം തട്ടിക്കാന്‍ ഒക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് എക്കാലത്തെയും ഹിറ്റ് ഗാനമായ മാണിക്യമലരായ പൂവി എന്ന ഗാനം പാടി മൈലാഞ്ചി ഫെയിം കാസര്‍കോടിന്റെ സ്വന്തം നവാസ് ആസ്വാദക മനസ്സുകളില്‍ കുളിരു കോരിയിട്ടു.

മതനിരപേക്ഷതയും നാടിന്റെ സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കാനുള്ള യജ്ഞവുമായി കേരള കലാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന മാനവ സൗഹൃദ സംഗീത യാത്രയ്ക്ക് തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണ വേദിയാണ് സംഗീതത്തിലൂടെ സൗഹൃദം വിതറി മാനവികതയുടെ വേറിട്ട സന്ദേശം നല്‍കിയത്. അത്യുത്തര കേരളത്തിന്റെ മനസ്സറിഞ്ഞ മാപ്പിളകവി അന്തരിച്ച അഹമ്മദ് പള്ളിക്കരയുടെ സ്മരണയില്‍ ഒരിക്കല്‍ക്കൂടി ഈണം പകര്‍ന്ന് യാത്രാ നായകന്‍ അസീസ് തായിനേരി ആലപിച്ച മനംപൊട്ടും വിളികേട്ട റഹീമായോനെ എന്ന ഗാനത്തോടെ തുടങ്ങിയ സംഗീത നിശ കാഞ്ഞങ്ങാടിന്റെ സാംസ്‌കാരിക പെരുമ വിളിച്ചോതിയ അസീസിന്റെ തന്നെ ഗാനത്തോടെയാണ് അവസാനിച്ചത്. മുന്‍ എംഎല്‍എ എം.നാരായണന്‍ പാടിയ ഇന്ത്യയെന്ന ഒരമ്മ പെറ്റ മക്കളാണ് നമ്മളെന്ന ഗാനം ആസ്വാദ്യകരുടെ കയ്യടി നേടി.

പ്രശസ്ത ഗായകന്‍ അഷ്‌റഫ് പയ്യന്നൂരിന്റെ മകനും മലബാറിന്റെ സ്വന്തം പാട്ടുകാരനുമായ അസീസ് തായിനേരിയുടെ പൗത്രന്‍ ഫൈസലും വടക്കന്‍ കേരളത്തിന്റെ അഭിമാനമായ ആദിയില്‍ അത്തുവും കൊച്ചുമകള്‍ ഫിസാറയും ചേര്‍ന്നുള്ള പാട്ടും ഏറെ ഹൃദ്യമായി. ലോകോത്തര ഗായകന്‍ മുഹമ്മദ് റാഫിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് ഒരിക്കല്‍ക്കൂടി ജീവന്‍ പകര്‍ന്ന് കാഞ്ഞങ്ങാട്ടുകാരന്‍ ടിപ്പ് ടോപ്പ് മൊയ്തു ഉള്‍പ്പെട്ട നാട്ടുകാരായ പാട്ടുകാരും വേദിയില്‍ ഇടം നേടിയപ്പോള്‍ സംഗീതയാത്ര അവിസ്മരണീയമായി മാറി.

സംഗീതത്തിനും കലയ്ക്കും അതിര്‍ വരമ്പുകളില്ലെന്നും നാട്ടില്‍ സാമുദായിക സൗഹാര്‍ദ്ധവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ ഇത്തരം സംഗീതയാത്രകളിലൂടെ സാധ്യമാകുമെന്നും കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത ജില്ലാ കലക്ടര്‍ ജീവന്‍ ബാബു പറഞ്ഞു. ടി.അബൂബക്കര്‍ഹാജി അദ്ധ്യക്ഷനായി. സി.യൂസഫ് ഹാജി, ബഷീര്‍ ആറങ്ങാടി, ടി.മുഹമ്മദ് അസ്ലം, എ.ഹമീദ്ഹാജി, എം.കുഞ്ഞിക്കൃഷ്ണന്‍, പി.കെ.അബ്ദുള്ളക്കുഞ്ഞി, കരീം കാസര്‍കോട്, ബില്‍ടെക് അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ റംസാന്‍ ആറങ്ങാടി സ്വാഗതവും ട്രഷറര്‍ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മഹമൂദ് മുറിയനാവി നന്ദിയും പറഞ്ഞു.

ഈ മാസം 16ന് മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്ത സംഗീതയാത്ര 23ന് കേരളവും കര്‍ണ്ണാടകവും അതിരിടുന്ന ബദിയടുക്കയില്‍ അവസാനിക്കും. സമാപന സമ്മേളനം മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം മൊഗ്രാലാണ് യാത്ര നിയന്ത്രിക്കുന്നത്.

DONT MISS
Top