“കൈനീട്ടി ഒരെണ്ണം തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകും”; ട്രോളനെ കയ്യില്‍ കിട്ടിയ നടിയുടെ പ്രതികരണം

എം ടിവിയുടെ “ട്രോള്‍ പോലീസ്” എന്ന പരിപാടിയിലായിരുന്നു സറീന്റെ പ്രതികരണം

സമൂഹ മാധ്യമങ്ങളിലെ ട്രോളുകള്‍ താരങ്ങള്‍ക്ക് പുത്തരിയല്ല, ഇതില്‍ത്തന്നെ ഏറ്റവും അപമാനിക്കപ്പെടുന്നവരില്‍ മുന്നില്‍ നടികളാണ്. അപൂര്‍വം ചിലര്‍ മാത്രമാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. തന്റെ മുന്നില്‍ കിട്ടിയ ട്രോളന് ബോളിവുഡ് താരം സറീന്‍ ഖാന്‍ നല്‍കിയ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍.

‘എന്റെ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഞാന്‍ നിനക്കിട്ട് ഒന്നു തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകുമെന്നായിരുന്നു’ തന്നെ ട്രോളിയ വ്യക്തിക്ക് സറീന്‍ നല്‍കിയ മറുപടി. എം ടിവിയുടെ ട്രോളിങ്ങിന് ഇരയായവരെയും ട്രോള്‍ ചെയ്യുന്നവരെയും ഒരുമിച്ചു പങ്കെടുപ്പിക്കുന്ന “ട്രോള്‍ പോലീസ്” എന്ന പരിപാടിയിലായിരുന്നു സറീന്റെ പ്രതികരണം.  തന്റെ പോസ്റ്റുകള്‍ക്ക് സ്ഥിരം മോശം കമന്റിടുകയും, അശ്ലീലം പറയുകയും ചെയ്യുന്ന യുവാവിനോട്‌ കണക്ക് തീര്‍ക്കാനുള്ള അവസരമാണ് ഈ ചാനല്‍ പരിപാടിയിലൂടെ നടിക്ക് ലഭിച്ചത്.

ട്രോളുകള്‍ അതിന് ഇരയാകുന്നവരെ എങ്ങനെ ബാധിക്കുന്നെന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം സറീന്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയിരുന്നു. എന്റെ അമ്മ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ മോശപ്പെട്ട കമന്റുകള്‍ കണ്ട് ഏറെ വേദനിച്ചേനെ എന്നും താരം പറഞ്ഞു

സറീന്‍ തന്നെയാണ് ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

DONT MISS
Top