കമല്‍ ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ; ഉറ്റുനോക്കി തമിഴകം

കമല്‍ഹാസന്‍

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം നാളെ. താരത്തിന്റെ തമിഴ്‌നാട് പര്യടനവും നാളെ തന്നെയാണ് ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായാണ് പര്യടനം നടക്കുന്നത്.  സ്വദേശമായ രാമനാഥപുരത്ത് നിന്നാണ് കമല്‍ഹാസന്‍ പര്യടനം ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പര്യടനം തുടങ്ങുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ പേരും പാര്‍ട്ടി നയങ്ങളും വ്യക്തമാക്കുമെന്ന് കമല്‍ഹാസന്‍ നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനം മുഴുവന്‍ നടത്തുന്ന പര്യടനത്തിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസ്സിലാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുമാണ് ലക്ഷ്യമെന്ന് താരം പറയുന്നു.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയാണ് കമല്‍ഹാസന്‍ തന്റെ യാത്ര തുടങ്ങുന്നത്.അബ്ദുള്‍ കലാം സ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തിയതിന് ശേഷം കമല്‍ഹാസന്‍ തന്റെ ആദ്യ രാഷ്ട്രീയ പൊതുയോഗത്തിനായി യാത്ര തിരിക്കും. രാമനാഥപുരത്താണ് ആദ്യ പൊതുയോഗം.ആറ് മണിക്ക് മധുരയില്‍ ചേരുന്ന പൊതുയോഗത്തില്‍ വെച്ചായിരിക്കും താരം പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക.

തമിഴ്‌നാട്ടില്‍ ക്ഷേമപ്രവര്‍ത്തനങ്ങളും, ഭരണനിര്‍വ്വഹണവും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്, സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ ചോദ്യമുയര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണം. ഈ യാത്ര അതിനുവേണ്ടിയാണ്, അതില്‍ നിങ്ങളുടെ പിന്തുണയുണ്ടാകണമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്കൊപ്പം ചേരണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

DONT MISS
Top