സ്വകാര്യ ബസ് സമരം; ഉടമകള്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: സ്വകാര്യബസ് സമരം നേരിടാന്‍  സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു. ആദ്യപടിയായി പണിമുടക്ക് നടത്തുന്ന ബസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തുടങ്ങി. മറുപടി തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്താത്ത ബസുകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷറും വ്യക്തമാക്കി.

നാളെ രാവിലെ ഒന്‍പതിന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രിയും അംഗീകരിക്കാനിടയില്ല. തങ്ങളുന്നയിച്ച കാര്യങ്ങളിലെന്തെങ്കിലും പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചാല്‍ സമരം അവസാനിപ്പിക്കാനും സമരസമിതി ഭാരവാഹികള്‍ക്കിടയില്‍ ആലോചനകളുണ്ട്.

ഒത്തു തീര്‍പ്പിന് തയാറായില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു രാവിലെ ഗതാഗതമന്ത്രി സമരക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. ബസുകള്‍ പിടിച്ചെടുക്കുന്ന തരത്തിലുള്ള നടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കരുതെന്നും മന്ത്രി താക്കീത് നല്‍കിയിരുന്നു.

അതേസമയം സ്വകാര്യബസ് സമരം നാലാം ദിനത്തിലും യാത്രക്കാരെ കാര്യമായി ബാധിച്ചു. മലബാര്‍ മേഖലയിലും സ്വകാര്യബസുകളെ മാത്രം ആശ്രയിച്ചിരുന്ന ഉള്‍നാടന്‍ പ്രദേശങ്ങളിലുമാണ് കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെട്ടത്. സര്‍ക്കാര്‍ സമരത്തോട് മുഖം തിരിച്ചതോടെ ബസ് ഉടമകളുടെ സംഘടനകള്‍ക്കിടയിലും ഭിന്നത രൂക്ഷമായി. തിരുവന്തപുരത്ത് സിറ്റിസര്‍വീസുകളടക്കമുള്ള സ്വകാര്യസര്‍വീസുകള്‍ പൂര്‍ണമായും ഇന്ന് നിരത്തിലിറക്കി. സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാരസമരവും മുന്നറിയിപ്പില്ലാതെ നേതാക്കള്‍ക്ക് പിന്‍വലിക്കേണ്ടി വന്നു. സ്വകാര്യബസ് സമരം തുടര്‍ന്ന നാല് ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്ക് റെക്കോഡ് കളക്ഷനാണുണ്ടായത്. കൊച്ചിമെട്രോയിലും വന്‍ വരുമാന വര്‍ധനവുണ്ടായി.

DONT MISS
Top