ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൊലവിളി മുദ്രാവാക്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍

കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി വിളിച്ച കൊലവിളി മുദ്രാവാക്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. നേരത്തെ മറ്റൊരു കൊലക്കേസിലെ പ്രതിയായ ആകാശ് തന്നെയാണ് താന്‍ നടത്തിയ മുദ്രാവാക്യം വിളി ഫേയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കൊലവിളിയുടെ പേരില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.

കണ്ണൂരിലെ കുട്ടിസഖാക്കള്‍ക്കിടിയില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ആകാശ് തില്ലങ്കേരി വളര്‍ന്നത്. തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ വധിച്ചകേസില്‍ പ്രതിയായ ആകാശ് പയന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജ് കൊല്ലപ്പെട്ടപ്പോള്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ നടത്തിയ കൊലവിളിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.

പാര്‍ട്ടിയോട് തികഞ്ഞ കൂറ് പുലര്‍ത്തുന്ന ആകാശ്, തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരം വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. തില്ലങ്കേരിയിലടക്കം സിപിഐഎം വേദികളില്‍ വിളിക്കപ്പെടുന്ന മുദ്രാവാക്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ആകാശ്.

എന്നാല്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ക്കെതിരേ പലതവണ പരാതി വന്നിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. പൊലീസിന്റെ ഇത്തരത്തിലുള്ള ഉദാസീനതയാണ് കണ്ണൂരില്‍ മറ്റൊരുകൊലയ്ക്ക് കൂടി വഴി തെളിച്ചത്.

DONT MISS
Top