ശുഹൈബ് വധം; 21ന് കണ്ണൂരില്‍ മുഖ്യമന്ത്രി സമാധാന യോഗം വിളിച്ചു

കൊല്ലപ്പെട്ട ശുഹൈബ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ണൂരില്‍ 21 ന് സര്‍വ്വകക്ഷി സമാധാന യോഗം ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം. കളക്ട്രേറ്റില്‍ രാവിലെ പത്തിന് നടക്കുന്ന യോഗത്തില്‍ മന്ത്രി എകെ ബാലന്‍ പങ്കെടുക്കും. യോഗത്തിലേക്ക് പ്രതിപക്ഷത്തെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ശുഹെെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വ്വ കക്ഷിയോഗം വിളിച്ചിരിക്കുന്നത്.  സംസ്ഥാനത്ത് നടന്ന അരുംകൊലയെ പറ്റി മുഖ്യമന്ത്രി പ്രതികരിക്കാത്തത് ലജ്ജാവഹമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

ശുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അഞ്ച് പേരുണ്ടെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകാശും റിജിനും അടക്കമുള്ള നാല് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസിന് തിരിച്ചറിയാനായി എന്നാണ് വിവരം.പ്രതികള്‍ക്കായി സിപിഐഎം ശക്തികേന്ദ്രങ്ങളിലടക്കം പൊലീസ് പരിശോധന തുടരുകയാണ്.

DONT MISS
Top