റോട്ടര്‍ഡാമിലും കിരീടമുയര്‍ത്തി, ഫെഡറര്‍ സെഞ്ച്വറിയിലേക്ക് കുതിക്കുന്നു

റോട്ടര്‍ഡാം: ഈ മനുഷ്യനെ എങ്ങനെ വിശേഷിപ്പിക്കണം. ലോകറാങ്കിംഗിലെ ഒന്നാം സ്ഥാനത്തേക്കുള്ള മടങ്ങിവരവ് റോജര്‍ ഫെഡറര്‍ കിരീടനേട്ടത്തോടെ ഇരട്ടിമധുരമുള്ളതാക്കി. മുപ്പത്തിയാറിന്റെ വീര്യത്തില്‍ മറ്റൊരു കിരീടമധുരം കൂടി നുകരുകയാണ് ഫെഡെക്‌സ്. റോട്ടര്‍ഡാം ഓപ്പണ്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ പരാജയപ്പെടുത്തി സ്വിസ് ഇതിഹാസം കിരീടമുയര്‍ത്തി. സ്‌കോര്‍ 6-2, 6-2. കരിയറിലെ 97-ാം സിംഗിള്‍സ് കിരീടം.

ഓപ്പണ്‍ യുഗത്തില്‍ ഏറ്റവുമധികം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ രണ്ടാമത്തെ താരമാണ് ഫെഡറര്‍. 109 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ജിമ്മി കോര്‍ണേഴ്‌സാണ് ഒന്നാം സ്ഥാനത്ത്.

ഞായറാഴ്ച നടന്ന ഫൈനലില്‍ ഏകപക്ഷീയമായ ജയമായിരുന്നു ഫെഡറര്‍ സ്വന്തമാക്കിയത്. മുപ്പത്തായാറുകാരനായ ഫെഡറര്‍ തന്നേക്കാള്‍ 10 വയസ് ഇളപ്പമുള്ള ദിമിത്രോവിനെതിരെ അനായാസ ജയമാണ് സ്വന്തമാക്കിയത്. കലാശപ്പോരിന്റെ അഞ്ചാം ഗെയിമില്‍ ദിമിത്രോവിനെ ബ്രേക്ക് ചെയ്ത് മുന്നേറിയ ഫെഡറര്‍ പിന്നീട് മൂന്ന് തവണ കൂടി ബള്‍ഗേറയിന്‍ താരത്തെ ബ്രേക്ക് ചെയ്ത് മത്സരവും കിരീടവും സ്വന്തമാക്കി. റോട്ടര്‍ഡാമിലെ മൂന്നാം കിരീടമാണ് ഫെഡറര്‍ ഇത്തവണ ഉയര്‍ത്തിയത്.

ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തിയതോടെയാണ് നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫെഡറര്‍ ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുന്നത്. സ്‌പെയിനിന്റെ റഫേല്‍ നാദിലിനെ പിന്തള്ളിയായിരുന്നു ഫെഡറര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 2003 ല്‍ 33 വയസും 131 ദിവസവും പ്രായമുള്ളപ്പോള്‍ ലോക ഒന്നാം നമ്പര്‍ സ്വന്തമാക്കിയ അമേരിക്കന്‍ താരം ആന്ദ്രെ അഗാസിയായിരുന്നു ഈ നേട്ടം കൈവരിച്ച പ്രായം കൂടിയ താരം. ആ റെക്കോര്‍ഡാണ് 36 വയസും 195 ദിവസും പ്രായമുള്ളപ്പോള്‍ ഫെഡറര്‍ തകര്‍ത്തിരിക്കുന്നത്.
2012 ഒക്ടോബറിന് ശേഷം ഇതാദ്യമായിട്ടാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്ത്  എത്തുന്നത്. 2004 ല്‍ ആദ്യമായി ഒന്നാം റാങ്കിംഗില്‍ എത്തിയ ഫെഡറര്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം ആ സ്ഥാനം അലങ്കരിക്കുന്ന താരമെന്ന നേട്ടവും കൈവരിച്ചിരുന്നു. കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം ചൂടിയ ഫെഡറര്‍ തന്റെ ഗ്രാന്റ് സ്ലാം കിരീടനേട്ടം 20 ആക്കി ഉയര്‍ത്തിയിരുന്നു.
DONT MISS
Top