800 കോടിയുടെ ബാങ്ക് തട്ടിപ്പ്: റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റില്‍

വിക്രം കോത്താരി

ലഖ്‌നൗ: 800 കോടിരൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ റോട്ടോമാക് പേനയുടെ സ്ഥാപകന്‍ വിക്രം കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു. കാണ്‍പൂരിലെ വീട്ടില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോത്താരിയുടെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ് തുടരുകയാണ്. കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ നാലുമണി മുതല്‍ വിക്രം കോത്താരിയുടെ വീട്ടിലും വിവിധ ഓഫീസുകളിലും സിബിഐ റെയ്ഡ് ആരംഭിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. വിക്രം കോത്താരിക്ക് വന്‍തുക വായ്പ നല്‍കിയ ബാങ്ക് ഓഫ് ബറോഡ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കി.

അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത ശേഷം വിക്രം കോത്താരി അത് തിരിച്ചടയക്കാതെ കബളിപ്പിച്ചെന്നാണ് കേസ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ വജ്രവ്യാപാരി നീരവ് മോദി 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിന് പിന്നാലെയാണ് വിക്രം കോത്താരിയുടെ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്.

കാണ്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് വിക്രം കോത്താരി. ഇതിനിടെ വിക്രം കോത്താരി രാജ്യം വിട്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച അദ്ദേഹം ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ്ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് വിക്രം കോത്താരി 8,00 കോടി രൂപയുടെ വായ്പ എടുത്തിരിക്കുന്നത്. ഇത് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് ബാങ്ക് ഓഫ് ബറോഡ പരാതിയുമായി സിബിഐയെ സമീപിച്ചത്. വിക്രം കോത്താരി വായ്പാ തിരിച്ചടവില്‍ മനപ്പൂര്‍വം മുടക്കം വരുത്തുന്ന ആളാണെന്ന് 2017 ഫെബ്രുവരിയില്‍ ഈ ബാങ്കുകള്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ വിക്രം കോത്താരി നിഷേധിച്ചു. ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ തിരിച്ചട് മുടങ്ങിയിട്ടില്ലെന്നും വിക്രം കോത്താരി പറഞ്ഞു. ഞാന്‍ കാണ്‍പൂരിലാണ് താമസിക്കുന്നത്. അവിടെത്തന്നെ തുടര്‍ന്നും താമസിക്കും. ഒളിച്ചോച്ചോടിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയേക്കാള്‍ മികച്ച രാജ്യം വേറെയില്ല. കഴിഞ്ഞ ദിവസം തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിക്രം കോത്താരി പ്രതികരിച്ചു.

DONT MISS
Top