വിവാദം വിട്ടുമാറാതെ മാണിക്യമലരായ പൂവീ; പാട്ടിനെതിരായ പരാതിയില്‍ വിശദീകരണം തേടി ഹൈദരാബാദ് പൊലീസ് ഒമര്‍ ലുലുവിന് നോട്ടീസയച്ചു

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന് തുടങ്ങുന്ന ഗാനത്തിനെതിരെ ലഭിച്ച പരാതിയില്‍ വിശദീകരണം തേടി ഹൈദരാബാദ് പൊലീസ് സംവിധായകന്‍ ഒമര്‍ ലുലുവിന് നോട്ടീസയച്ചു. പാട്ടിന്റെ വരികള്‍ മുസ്‌ലിം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഒരു വിഭാഗമാളുകള്‍ പോലീസില്‍ പരാതി നല്‍കിയത്.

ഈ പരാതിയില്‍ വിശദീകരണം തേടിയാണ് ഹൈദരാബാദ് പൊലീസ് ഒമര്‍ ലുലുവിന് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദീകരണം തേടിയുള്ള നോട്ടീസ് തപാല്‍ വഴിയാണ് അയച്ചിരിക്കുന്നത്.

ഫെബ്രുവരി 14നാണ് പാട്ടിനെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി ലഭിച്ചത്. സിആര്‍പിസി സെക്ഷന്‍ 160 പ്രകാരം പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് ഒമര്‍ ലുലുവിന് നോട്ടീസയച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ മറുപടി കേട്ട ശേഷം കേസ് തള്ളിക്കളയണമോ അതോ തുടര്‍നടപടികള്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ തപാല്‍ വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നേരിട്ട് നോട്ടീസ് കൈമാറുന്നതിനായി ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഐപിസി സെക്ഷന്‍ 295എ, മതവികാരത്തെ വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഹൈദരാബാദ് പൊലീസ് സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതിനകം മൂന്ന് പരാതികളാണ് കേരളത്തിന് പുറത്ത് ഒരു അഡാറ് ലൗ എന്ന ചിത്രത്തിനെതിരായി പൊലീസിന് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദിലും മുംബൈയിലും ഉള്ള മുസ്‌ലിം സംഘടനകളില്‍പ്പെട്ട ചിലര്‍ പരാതി നല്‍കിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലും പാട്ടിനെതിരെ ജന ജാഗരണ്‍ സമിതിയുടെ പരാതി ലഭിച്ചിരുന്നു. സംവിധായകന്‍ ഒമര്‍ ലുലു, നായിക പ്രിയാ വാര്യര്‍, നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ എന്നിവര്‍ക്കെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരുന്നത്.

DONT MISS
Top