പുതുവൈപ്പ് സമരം ഒരു വര്‍ഷം പൂര്‍ത്തിയായി; പദ്ധതിയുമായി മുന്നോട്ടുപോയാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരക്കാര്‍

ഫയല്‍ ചിത്രം

കൊച്ചി: പുതുവൈപ്പിലെ ഐഒസി ടെര്‍മിനലിനെതിരെ പ്രദേശവാസികള്‍ സമരം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. സമരത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതുവൈപ്പിനില്‍ സമരക്കാര്‍ നടത്തുന്ന ഉപവാസത്തില്‍ വിവിധ സംഘടനയില്‍പെട്ട സമരാനുകൂലികള്‍ പങ്കെടുത്തു. ജനങ്ങളുടെ ആശങ്ക പരിഗണിയ്ക്കാതെ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ പ്രക്ഷോഭം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം.

പുതുവൈപ്പ് ഐഒസി ടെര്‍മിനലിനെതിരായ സമരം ആരംഭിച്ച് ഒരു വര്‍ഷമെത്തുമ്പോഴും പ്രദേശവാസികളുടെ ആശങ്കയ്ക്ക് അറുതിയായിട്ടില്ല. സമരം ആരംഭിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ എല്‍പിജി വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസത്തില്‍ പങ്കുചേരാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സമരാനുകൂലികള്‍ക്കൊപ്പം പശ്ചിമഘട്ട സമരസമിതി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ജനങ്ങളുടെ ആശങ്ക പരിഗണിയ്ക്കാതെ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ പ്രക്ഷോഭം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. പ്രദേശവാസികളുടെ ജീവന് സംരക്ഷണം ഉറപ്പാക്കിയില്ലെങ്കില്‍ ഏതറ്റം വരെയും സമരം തുടരുമെന്ന മുന്നറിയിപ്പാണ് സമരത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ സ്ത്രീകള്‍ അടക്കമുള്ള സമരക്കാര്‍ നല്‍കുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കാന്‍ തേവര കോളജിലെ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു.

DONT MISS
Top