‘മാണിക്യമലരായ പൂവീ ആദ്യം പാടിയതും സംഗീതം നല്‍കിയതും കെ റഫീഖ് അല്ല’; ഇത് മറ്റൊരു മാപ്പിളപ്പാട്ടിന്റെ ട്യൂണില്‍ 40 വര്‍ങ്ങള്‍ക്ക് മുന്‍പ് താന്‍ പാടിയ ഗാനമെന്ന് എരഞ്ഞോളി മൂസ

എരഞ്ഞോളി മൂസ

മാണിക്യമലരായ പൂവീ എന്ന ഒറ്റഗാനം കൊണ്ട് പ്രിയാ വാര്യര്‍ എന്ന പുതുമുഖ നായിക ലോക പ്രശസ്തയായപ്പോള്‍ ഒപ്പം പ്രശസ്തി നേടിയ ഒരുപാടുപേരുണ്ട്. അറിയപ്പെടാതിരുന്ന നിരവധിപേരാണ് ഈ പാട്ട് വഴി ലോകത്തിന് പരിചിതരായത്. പാട്ട് എഴുതിയ തലശ്ശേരി സ്വദേശി പിഎംഎ ജബ്ബാര്‍ ആയിരുന്നു അതിലൊരാള്‍. പാട്ടിന് സംഗീതം നല്‍കുകയും ആദ്യമായി ആലപിക്കുകയും ചെയ്ത തലശ്ശേരി സ്വദേശി തന്നെയായ കെ റഫീഖ് ആയിരുന്നു രണ്ടാമത്തെയാള്‍.

ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഗാനരംഗത്തിലെ ആ കണ്ണിറുക്കല്‍ രംഗം ഏറ്റെടുത്തു വിജയിപ്പിച്ച പ്രേക്ഷകര്‍ ഗാനം എഴുതുകയും സംഗീതം നല്‍കുകയും ചെയ്ത പ്രതിഭകളെയും അനുമോദിക്കാന്‍ മടി കാണിച്ചില്ല. എന്നാല്‍ കെ റഫീഖ് എന്ന പിന്നണി ഗായകന്‍ സംഗീതം നല്‍കിയെന്ന് അവകാശപ്പെടുന്ന മാണിക്യമലരായ പൂവിക്ക് മറ്റൊരു അവകാശിയുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മാപ്പിളപ്പാട്ട് കലാകരനായ എരഞ്ഞോളി മൂസ.

മാണിക്യമലരായ പൂവീ എന്നു തുടങ്ങുന്ന ഗാനം മറ്റൊരു മാപ്പിളപ്പാട്ടിന്റെ അനുകരണമാണെന്നാണ് എരഞ്ഞോളി മൂസ അവകാശപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പീര്‍ മുഹമ്മദ് പാടി തരംഗം സൃഷ്ടിച്ച ‘മുത്ത് വൈര കല്ല് വെച്ച’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ട്യൂണിലാണ് നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മാണിക്യമലരായ പൂവീ എന്ന ഗാനം പാടിയത്. അതേ ട്യൂണ്‍ തന്നെയാണ് ആ ഗാനം ഇന്ന് അഡാര്‍ ലൗ എന്ന ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. പീര്‍ മുഹമ്മദിന്റെ ഹാര്‍മോണിയം വായനക്കാരനായിരുന്ന മാളിയേക്കല്‍ ജലീല്‍ എന്ന വ്യക്തിയാണ് ഈ പാട്ടിന് സംഗീതം നല്‍കിയത്.

എന്നാല്‍ ഈ പാട്ടിന് സംഗീതം നല്‍കിയത് താനാണെന്ന് കെ റഫീഖ് അവകാശപ്പെടുന്നതിന്റെ പിന്നിലെ കാരണം അറിയില്ലെന്ന് എരഞ്ഞോളി മൂസ പറയുന്നു. ഈ ഗാനം ആദ്യം പാടിയത് താനാണെന്നും റഫീഖ് അവകാശപ്പെടുന്നു എന്നാല്‍ ഗാനമേള വേദികളിലോ മറ്റ് എവിടെയെങ്കിലുമോ അദ്ദേഹം ഈ പാട്ട് തനിയെ പാടുന്നത് താനിതുവരെ കണ്ടിട്ടില്ലെന്നും എരഞ്ഞോളി മൂസ പറയുന്നു. ഇക്കാര്യത്തില്‍ തലശ്ശേരിക്കാര്‍ക്ക് വ്യത്യസ്ഥ അഭിപ്രായം ഉണ്ടാകില്ലെന്നും മൂസ പറഞ്ഞു.

ജിദ്ദയില്‍ ഒരിക്കല്‍ മാപ്പിളപ്പാട്ടിന്റെ വേദിയില്‍ വെച്ച് ഈ പാട്ട് എഴുതിയ പിഎംഎ ജബ്ബാര്‍ തന്റെ അരികില്‍ വന്ന് ‘നിങ്ങള്‍ ഈ പാട്ട് പാടിയതിനു ശേഷമാണ് തനിക്കൊരു അഡ്രസുണ്ടായതെന്ന്’ പറഞ്ഞിരുന്നുവെന്നും എരഞ്ഞോളി മൂസ ഓര്‍ത്തെടുത്തു. എന്നാല്‍ എന്തുകൊണ്ടാണ് കെ റഫീഖ് പാട്ടിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതെന്ന് മനസിലാകുന്നില്ല. തന്റേതാണെന്ന് അവകാശപ്പെടുന്നവര്‍ സ്വന്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്നും അല്ലാതെ മറ്റുള്ളവര്‍ ചെയ്തുവെച്ചതിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കരുതെന്നും മൂസ പറഞ്ഞു. റഫീഖിനെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയല്ല താന്‍ സംസാരിക്കുന്നത്. എന്നാല്‍ വാസ്തമവമിതാണെന്നിരിക്കെ അത് മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും മൂസ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഈ പാട്ടില്‍ വളരെ മനോഹരമായ പ്രേമരംഗമാണ് ചിത്രീകരിച്ചതെന്നും ഇതുവരെയുള്ള ജീവിതത്തില്‍ താന്‍ ഇത്ര മനോഗരമായ ഒരു പ്രണയരംഗം കണ്ടിട്ടില്ലെന്നും അഭിനന്ദന സൂചകമായി എരഞ്ഞോളി മൂസ പറഞ്ഞു. എന്നാല്‍ തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും മൂസ കൂട്ടിച്ചേര്‍ത്തു. ഈ ഗാനരംഗത്തില്‍ ആ കുട്ടികളുടെ പ്രകടനമാണ് വിജയിച്ചത് അല്ലാതെ പാട്ടല്ല, ഏത് പാട്ടായിരുന്നെങ്കിലും ആ രംഗം വിജയിക്കുമായിരുന്നു. അതിനാല്‍ വിവാദത്തിനിടയാകുമെന്ന് ഊഹിക്കാന്‍ കഴിയുന്ന ഈ പാട്ട് ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും മൂസ കൂട്ടിച്ചേര്‍ത്തു.

പാട്ടുകാരന്‍ എപ്പോഴും മൂന്നാംസ്ഥാനക്കാരനായിരിക്കും. പാട്ട് എഴുതിയയാള്‍ക്കായിരിക്കും ഒന്നാംസ്ഥാനം. സംഗീതം ചെയ്തയാള്‍ രണ്ടാമതായിരിക്കും. അതിനാല്‍ തന്നെ ഈ പാട്ട് സിനിമയില്‍ ഉപയോഗിക്കുന്നതിന് രചയിതാവായ ജബ്ബാറിന്റെ അനുവാദം മാത്രം മതി. എന്നാല്‍ ഈ പാട്ട് എങ്ങനെയാണ് പരിചയമെന്ന് ആയിരം പേരോട് ചോദിച്ചാല്‍ അത്രയും പേരും തന്റെ പേരാണ് പറയുകയെന്നും എരഞ്ഞോളി മൂസ പറയുന്നു. പാട്ട് ഇപ്പോള്‍ ഫെയ്മസ് ആയതിന്റെ പേരില്‍ താന്‍ അവകാശം ഏറ്റെടുക്കുന്നതല്ലെന്നും വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതല്ലെന്നും മൂസ പറഞ്ഞു.

അതേസമയം ഈ ഗാനരംഗത്തില്‍ അത്ര നല്ല പ്രണയരംഗം സൃഷ്ടിച്ച ഒമര്‍ ലുലുവിനെ താന്‍ അഭിനന്ദിക്കുന്നുവെന്നും മൂസ പറഞ്ഞു. ഇതുവരെയുള്ള ജീവിതത്തിനിടയില്‍ ഇത്ര മനേഹരമായ മറ്റൊരു പ്രണയരംഗം കണ്ടിട്ടില്ല. യാതൊരു അശ്ലീലവും ഇല്ലാതെ ഓമനത്വമാര്‍ന്നൊരു പ്രണയരംഗം. അപ്പോഴും ഒരു അഭിപ്രായവ്യത്യാസം മത്രം, ഈ രംഗങ്ങള്‍ക്ക് ഏത് പാട്ടിട്ടാലും വിജയിക്കുമെന്നിരിക്കെ വിവാദമുണ്ടാക്കാനനായി ഈ പാട്ട് തന്നെ ഉപയോഗിക്കേണ്ടിയിരുന്നില്ല.

DONT MISS
Top