പിഎന്‍ബി മോഡല്‍ തട്ടിപ്പ് കൂടുതല്‍ ബാങ്കുകളിലേക്കും, സിറ്റി യൂണിയന്‍ ബാങ്കില്‍ നടന്നത് 12.8 കോടി രൂപയുടെ തട്ടിപ്പ്

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ശതകോടികളുടെ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ കൂടുതല്‍ ബാങ്കുകളില്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടന്നതായി റിപ്പോര്‍ട്ട്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി യൂണിയന്‍ ബാങ്കില്‍ സമാനമായ തട്ടിപ്പ് നടന്നാതായാണ് റിപ്പോര്‍ട്ടുകള്‍.

12.8 കോടി രൂപയുടെ തട്ടിപ്പാണ് യൂണിയന്‍ ബാങ്കില്‍ നടന്നിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്നത് പോലെ നേരിട്ടുള്ള പിന്‍വലിക്കല്‍ ഇവിടെയും നടന്നിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ബാങ്കില്‍ ഇത്തരത്തില്‍ വ്യാജ ഇടപാട് നടന്നിരിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പ് നടന്നുവെന്ന വ്യക്തമായതോടെ ജാമ്യ ചീട്ടിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കരുതെന്ന് അനുബന്ധ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും സിറ്റി ബാങ്ക് അറിയിച്ചു.

രത്‌നവ്യാപാരി നീരവ് മോദി ഉള്‍പ്പെടെയുളളവര്‍ക്ക് വിദേശ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ ജാമ്യചീട്ട് അനുവദിച്ചതിനെതുടര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന് 11400 കോടി രൂപയുടെ തട്ടിപ്പ് നടന്നത്. ബാങ്കിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ഈ വന്‍തട്ടിപ്പ് നടന്നത്. ഈട് നല്‍കാതെ ബാങ്കില്‍ നിന്നും ജാമ്യച്ചീട്ട് സ്വന്തമാക്കിയ നീരവ് ഇതിന്റെ ഉറപ്പില്‍ വിദേശബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കായി കോടിക്കണക്കിന് രൂപ വായ്പ എടുക്കുകയായിരുന്നു. ഈ പണം നീരവ് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് പിഎന്‍ബിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായത്.

DONT MISS
Top