ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വിഷ്ണുനാഥിന് പകരക്കാരനെ തേടി കോണ്‍ഗ്രസ്, പിള്ളയെ വീണ്ടുമിറക്കാന്‍ ബിജെപി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിസി വിഷ്ണുനാഥ് വ്യക്തമാക്കിയതോടെ മണ്ഡലത്തിലെ പോരാട്ടം കടുക്കും. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുവലതുമുന്നണികള്‍ക്ക് പിന്നാലെ ബിജെപിയും വലിയ പ്രതീക്ഷയോടെയാണ് രംഗത്തിറങ്ങുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി പിഎസ് ശ്രീധരന്‍പിള്ളയുടെ പേര് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞുവെങ്കിലും മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള അവസാനവട്ട ചര്‍ച്ചകളിലാണ് ഇപ്പോഴും എല്‍ഡിഎഫും യുഡിഎഫും.

ചെങ്ങന്നൂരില്‍ കഴിഞ്ഞ തവണ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച ശ്രീധരന്‍ പിള്ളയെ തന്നെയാണ് എന്‍ഡിഎയുടെ തുറുപ്പുചീട്ടെന്ന് വ്യക്തമായി കഴിഞ്ഞു. ശ്രീധരന്‍പിള്ളയുടെ വ്യക്തിസ്വാധീനത്തിന് പുറമെ ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിനെ കൂടെ നിര്‍ത്താനും ഇതാണ് ഉചിതമായ തീരുമാനമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് തന്നെ മികച്ച വോട്ടുവിഹിതം സ്വന്തമാക്കിയ അദ്ദേഹത്തിന് ഇക്കുറി മണ്ഡലം പിടിച്ചെടുക്കാനാകുമെന്നും ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പിസി വിഷ്ണുനാഥ് മത്സരരംത്ത് നിന്ന് സ്വയം പിന്‍മാറിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് പകരക്കാരനെ ഇനി തിരയേണ്ടി വരും. മുന്‍ എംഎല്‍എ എം മുരളി, എബി കുര്യാക്കോസ്, ഡി വിജയകുമാര്‍ തുടങ്ങിയ നിരവധി പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും നേതാക്കള്‍ ഇടപെട്ട് പിസി വിഷ്ണുനാഥിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. എന്നാല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ചുമതലയള്ളതിനാല്‍ ഇക്കുറി മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വിഷ്ണുനാഥ്.

പിഎസ് ശ്രീധരന്‍പിള്ള

സിപിഐഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരാണ് മണ്ഡലം നിലനിര്‍ത്താന്‍ ഇടതുമുന്നണിയുടെ പ്രഥമപരിഗണനയിലുള്ളത്. സിഎസ് സുജാത, പി വിശ്വംഭരപണിക്കര്‍ എന്നിവരുടെ പേരുകളും ആലോചനകളിലുണ്ട്. ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് ഫലമെന്നുള്ളത് കൊണ്ടുതന്നെ കരുതലോടെയാണ് ഇടതുനീക്കം. എങ്ങനെയും മണ്ഡലം നിലനിര്‍ത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മന്ത്രിമാര്‍ ഒന്നടങ്കം പ്രചരണത്തിനെത്താനാണ് തീരുമാനം. എന്നാല്‍ ഇതുവരെ മനസു തുറക്കാത്ത കെഎം മാണിയുടെ നിലപാട് ഇടത്-വലത് മുന്നണികള്‍ക്ക് നിര്‍ണായകമാണ്. മാണിയുടെ തീരുമാനമറിഞ്ഞ ശേഷം സാമുദായിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യപിക്കാമെന്ന കണക്കുകൂട്ടലും മുന്നണികള്‍ക്കിടയിലുണ്ട്. നാളുകളായി സമരം തുടരുന്ന യുഎന്‍എ ഭാരവാഹികളും ഇത്തവണ ചെങ്ങന്നൂരില്‍ മത്സരിക്കാനിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

DONT MISS
Top