പിഎന്‍ബിയിലെ ശതകോടി തട്ടിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍


മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ ശതകോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ബാങ്കിന്റെ മുംബൈയിലെ കലാ ഘോടാബ്രാഞ്ച് മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി ഉള്‍പ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ഇന്ന് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കും. കേസിലെ ആദ്യ അറസ്റ്റാണിത്.

ഷെട്ടിക്ക് പുറമെ പിഎന്‍ബി എസ്ഡബ്ലുഒ (സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്റര്‍) മനോജ് ഖാരാട്ട്, നീരവ് മോദി ഗ്രൂപ്പിന്റെ ഓതറൈസ്ഡ് സിഗ്നേച്ചറി ഹേമന്ത് ഭട്ട് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 18 ജീവനക്കാരെ പിഎന്‍ബി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

നീരവ് മോദിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് ബയേഴ്‌സ് ക്രെഡിറ്റ് നല്‍കാന്‍ കൂട്ടുനിന്നത് ഗോകുല്‍നാഥ് ഷെട്ടിയാണെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. മറ്റു പ്രതികളെ കുറിച്ച് ഇവരില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിയുടെയും മെഹുല്‍ ചൊക്‌സിയുടെയും രാജ്യമെമ്പാടുമുള്ള സ്ഥാപനങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്.

29 ഇടങ്ങളില്‍ നടക്കുന്ന തെരച്ചിലില്‍ കോടികള്‍ പിടിച്ചെടുത്തു. നീരവ് മോദിക്കെതിരായ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് നല്‍കി. നോട്ട് സാധുവാക്കിയ കാലത്ത് നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തോതില്‍ ആഭരണങ്ങള്‍ വാങ്ങിയവരുടെ വിവരങ്ങളും ഏജന്‍സികള്‍ പരിശോധിക്കും.

അതേസമയം, കേസിലെ പ്രധാനപ്രതി വജ്രവ്യവസായി നീരവ് മോദിയും കുടുംബവും ഒളിവിലാണ്. നീരവിനെ പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇയാളുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.

നീരവിനും അമ്മാവനും വ്യവസായിയുമായ മെഹുല്‍ ചൊക്‌സിക്കും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇരുവര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോട്ടീസ് അയച്ചിട്ടുണ്ട്.

DONT MISS
Top