ഫെഡറര്‍ വീണ്ടും ലോകത്തിന്റെ നെറുകയില്‍, മുപ്പത്തിയാറാം വയസില്‍ ലോക ഒന്നാം നമ്പറില്‍

റോട്ടര്‍ഡാം: റോജര്‍ ഫെഡറര്‍ക്ക് മുന്നില്‍ കാലവും ചരിത്രങ്ങളും ഒന്നിന് പുറകെ ഒന്നായി വഴി മാറുകയാണ്. എല്ലാ കായികതാരങ്ങളും വിശ്രമജീവിതത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ ആരും കൊതിക്കുന്ന നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കുകയാണ് ഈ സ്വിസ് ഇതിഹാസം. മുപ്പത്തിയാറാം വയസില്‍ പണ്ടെങ്ങോ കൈവിട്ട ലോക ഒന്നാം നമ്പര്‍ സ്വന്തമാക്കി ചരിത്രം പുതുക്കി രചിച്ചിരിക്കുകയാണ് ഫെഡെക്‌സ്. ജനുവരിയില്‍ 20 -ാം ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈ ചരിത്ര നേട്ടം.

ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും ഫെഡറര്‍ മാറി. റോട്ടര്‍ഡാം ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ റോബില്‍ ഹാസെയെ തോല്‍പ്പിച്ചതോടെയാണ് സ്‌പെയിനിന്റെ റഫേല്‍ നദാലിനെ പിന്തള്ളി ഫെഡറര്‍ വീണ്ടും റാങ്കിംഗിന്റെ തലപ്പത്ത് തലയുയര്‍ത്തി നില്‍ക്കുന്നത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം എതിരാളിയെ നിഷ്പ്രഭമാക്കിയായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍ 4-6, 6-1, 6-1.

“ഞാന്‍ വളരെ സന്തോഷവാനാണ്. ഇത് വളരെ പ്രത്യേകതയുള്ളതാണ്. തിരികെ ഒന്നാം റാങ്കിലെത്താനാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നതേയില്ല. കരിയറില്‍ വളരെ സുപ്രധാനമായ ഒരു നിമിഷമാണിത്”. ഫെഡറര്‍ പ്രതികരിച്ചു.

2003 ല്‍ 33 വയസും 131 ദിവസവും പ്രായമുള്ളപ്പോള്‍ ലോക ഒന്നാം നമ്പര്‍ സ്വന്തമാക്കിയ അമേരിക്കന്‍ താരം ആന്ദ്രെ അഗാസിയായിരുന്നു ഈ നേട്ടം കൈവരിച്ച പ്രായം കൂടിയ താരം. ആ റെക്കോര്‍ഡാണ് 36 വയസും 195 ദിവസും പ്രായമുള്ളപ്പോള്‍ ഫെഡറര്‍ തകര്‍ത്തിരിക്കുന്നത്. അക്കങ്ങള്‍ വെറും പ്രതീകങ്ങള്‍ മാത്രമാണെന്ന് ഫെഡറര്‍ തെളിയിക്കുന്നു. ഒപ്പം പ്രായം ഒരിക്കലും പ്രകടനത്തെ ബാധിക്കില്ലെന്നും. ഈ നേട്ടത്തില്‍ ഫെഡററെ ആദ്യം അഭിനന്ദിച്ചത് അഗാസി തന്നെയായിരുന്നു.

2004 ലായിരുന്നു ഫെഡറര്‍ ആദ്യമായി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം ആ സ്ഥാനത്ത് വിരാജിച്ച് ലോകറെക്കോര്‍ഡ് തീര്‍ത്തു. 2012 ലായിരുന്നു ഏറ്റവും ഒടുവില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആ വര്‍ഷത്തെ വിംബിള്‍ഡണ്‍ വിജയത്തോടെയായിരുന്നു ഫെഡറര്‍ ഒന്നാം സ്ഥാനം ഏറെക്കാലത്തിന് ശേഷം തിരിച്ച് പിടിച്ചത്. എന്നാല്‍ ഒക്ടോബറില്‍ സ്ഥാനം നഷ്ടമായി. പിന്നീട് നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വീണ്ടും മുന്‍പന്തിയിലെത്തി നില്‍ക്കുന്നത്. തോല്‍പ്പിക്കാന്‍ ശ്രമിച്ച പരുക്കിനോടും എതിരാളികളോടും ഒരു പോലെ പടവെട്ടിയാണ് ഫെഡററുടെ ഈ നേട്ടങ്ങള്‍.

DONT MISS
Top