മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു

സുപ്രിംകോടതി (ഫയല്‍)

ദില്ലി: കോഴിക്കോട് മാലാപ്പറമ്പ് അടക്കം മൂന്ന് എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു. സര്‍ക്കാര്‍ നടപടിക്കെതിരേ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

മാലാപ്പറമ്പ്, കിരാലൂര്‍, പാലാട്ട് സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഈ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ ഏറ്റെടുത്തത് അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് മുന്‍ മാനേജര്‍മാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്ന ഹൈക്കോടതിയുടെ വിധി.

പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിസഭയും നിയമസഭയും ഇക്കാര്യത്തില്‍ കൈക്കൊണ്ട തീരുമാനത്തില്‍ അപാകതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേരള വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകളാണ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ആത്യന്തികമെന്ന് ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ഭരണഘടനാപരവും നിയമ പരവുമായ ബാധ്യത നിറവേറ്റുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏറ്റെടുത്ത സ്‌കൂളുകളുടെ മാനേജ്‌മെന്റുകകള്‍ക്ക് വിജ്ഞാപനം ഇറങ്ങിയ ദിവസത്തെ ഭൂമി വില നല്‍കണമെന്നും സുപ്രിംകോടതിയുടെ ഉത്തരവില്‍ പറയുന്നു.

DONT MISS
Top