ആന്ധ്രാപ്രദേശിന് പ്രത്യേക പദവി: മാര്‍ച്ച് അഞ്ചിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് ബിജെപിക്ക് ടിഡിപിയുടെ മുന്നറിയിപ്പ്

ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മാര്‍ച്ച് അഞ്ചിനുള്ളില്‍ എടുക്കണമെന്ന് ബിജെപിക്ക് മുന്നറിയിപ്പുമായി ടിഡിപി. മാര്‍ച്ച് അഞ്ചിനാണ് അടുത്ത പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. അതിനാല്‍ ആ ദിവസം തന്നെ തീരുമാനം അറിയിക്കണം എന്നാണ് ടിഡിപി ആവശ്യപ്പെട്ടിരിക്കുന്നത്.

മാര്‍ച്ച് അഞ്ചിന് ആന്ധ്രാപ്രദേശിന്റെ ആവശ്യങ്ങള്‍ ആംഗീകരിച്ച് അനുകൂലമായ തീരുമാനം എടുത്തില്ലെങ്കില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിയാലോചിച്ച് വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും ടിഡിപി നേതാവ് അറിയിച്ചു.

തങ്ങള്‍ വഞ്ചിക്കപ്പെടുന്നു എന്നു മനസിലായാല്‍ ജനങ്ങള്‍ അതിനുള്ള മറുപടി നല്‍കുമെന്ന് ചന്ദ്രബാബു നായിഡുവും പറഞ്ഞിരുന്നു. പ്രത്യേക പദവി നല്‍കാതെയും ബജറ്റില്‍ ഫണ്ട് നല്‍കാതെയും കേന്ദ്രം പറ്റിക്കുകയാണെന്നും അത് ജനങ്ങള്‍ മനസിലാക്കിയാല്‍ അവര്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആന്ധാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണം എന്നാതാണ് ടിഡിപിയുടെ  ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനത്തിന് പ്രത്യേക പരിഗണ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ടിഡിപിയെ അറിയിച്ചിരുന്നു.

ബിജെപിക്ക് സഖ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ തങ്ങള്‍ തങ്ങളുടെ വഴി നോക്കുമെന്ന്  ചന്ദ്രബാബു നായിഡു ഇതിനു മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി സഖ്യം നിലനില്‍ക്കുന്നതുകൊണ്ടാണ് തങ്ങള്‍ കൂടുതലൊന്നും പറയാത്തതെന്നും ബിജെപിയ്‌ക്കെതിരെ സംസാരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

DONT MISS
Top