കാവേരി വിധി: തമിഴ്‌നാട്ടില്‍ പ്രതിഷേധം; നേട്ടം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന്‌

സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് കര്‍ണാടകയില്‍ നടന്ന ആഹ്ലാദ പ്രകടനം

ചെന്നൈ: കാവേരി നദീജല പങ്കുവയ്ക്കല്‍ സംബന്ധിച്ച് സുപ്രിംകോടതി വിധി കര്‍ണാടയ്ക്ക് അനുകൂലമായതോടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പ്രതിഷേധ പ്രകടനങ്ങല്‍ തുടങ്ങി. പ്രതിപക്ഷ കക്ഷികളും കര്‍ഷക സംഘടനകളും ഇതിനകം തന്നെ പ്രതിഷേധങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് 14.75 ടിഎംസി  ജലം അധികമായി അനുവദിച്ചാണ് സുപ്രിം കോടതി ഉത്തരവുണ്ടായത്. കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് കര്‍ണാടകം അനുവദിക്കേണ്ട ജലം 192 ടിഎംസിയില്‍ നിന്ന് 177.25 ടിഎംസി ആയി സുപ്രിം കോടതി കുറയ്ക്കുകയായിരുന്നു. ഇതോടെ കാവേരി നദിയില്‍ നിന്ന് കര്‍ണാടകത്തിന് ലഭിക്കുന്ന ജലത്തിന്റെ അളവ് 284.75 ടിഎംസിയായി ഉയര്‍ന്നു. തമിഴ്‌നാടിന്റേത് 404.25 ടിഎംസിയായി കുറഞ്ഞു. കാവേരിയില്‍ നിന്ന് ജലം ലഭിക്കുന്ന മറ്റ് അയല്‍ സംസ്ഥാനങ്ങളായ കേരളത്തിനും പുതുച്ചേരിക്കുമുള്ള വിഹിതത്തില്‍ സുപ്രികോടതി മാറ്റം വരുത്തിയില്ല. നദീജലം ഒരു സംസ്ഥാനത്തിന്റെയും കുത്തകയല്ലെന്നും രാജ്യത്തിന്റെ പൊതു സ്വത്താണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിയില്‍ വ്യക്തമാക്കുകയും ചെയ്തു. ജലം പങ്കിടുന്നതിനുള്ള നിലവിലെ ധാരണ 15 വര്‍ഷത്തേക്ക് തുടരുമെന്നും സുപ്രിംകോടി വ്യക്തമാക്കിയിരുന്നു.

വിധി പുറത്ത് വന്നതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ഭരണകക്ഷിയായ എഐഎഡിയഎംകെയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ ഡിഎംകെ രംഗത്തുവന്നതു. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി കാവേരിക്കേസില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രികംകോടതിയില്‍ ഒത്തുകളിച്ചെന്നാണ് ഡിഎംകെയുടെ ആരോപണം. തമിഴ്‌നാടിനെ സംബന്ധിച്ചടുത്തോളം ഞെട്ടിപ്പിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവ് ദുരൈ മുരുകന്‍ പറഞ്ഞു. 192 ടിഎംസി ജലമാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് നല്‍കാന്‍ സുപ്രീംകോടതി തയാറായില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്ന് ദുരൈ മുരുകന്‍ പറഞ്ഞു.

കാവേരി നദീ ജലവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട്ടിന് നേരെയുണ്ടായത് നീതി നിഷേധമാണെന്ന് എഐഎഡിഎംകെ നേതാവ് വി മൈത്രേയന്‍ പറഞ്ഞു. പൂര്‍ണമായ വിധി പുറത്ത് വന്നശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാവേരി മാനേജ്‌മെന്റ് രൂപീകരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും മൈത്രേയന്‍ ആവശ്യപ്പെട്ടു.

അതേസമയം, കാവേരി വിധിയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ സുരക്ഷ ശക്തമാക്കി. ചെന്നൈയിലും തമിഴ്നാട്-കർണാടക അതിർത്തിയിലുമാണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. കർണാടകത്തിലേക്കുള്ള ബസ് സർവീസുകളും റദ്ദാക്കി. അന്തർ സംസ്ഥാന ബസുകൾക്ക് പൊലീസ് സംരക്ഷണം നൽകുമെന്നു തമിഴ്‌നാട് അധികൃതര്‍ അറിയിച്ചെങ്കിലും തമിഴ്‌നാട്ടിലേക്ക് പോകുന്ന ബസ് സര്‍വീസുകള്‍ കര്‍ണാടക നിര്‍ത്തിവച്ചിരിക്കുകയാണ്.

അതേസമയം, സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്നോടിയായി വന്ന അനുകൂ വിധി കര്‍ണാകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന് ഏറെ സന്തോഷം പകരുന്നതായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. കാവേരി നദിജല തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ അന്തിമവിധി കര്‍ണാകടയ്ക്ക് അനുകൂലമായത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കൂടുതല്‍ ശക്തിപകരും. കഴിഞ്ഞമാസം പുറത്തുവന്ന അഭിപ്രായ സര്‍വേ, സിദ്ധരാമയ്യ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചത്. പുറത്തുവരുന്ന വാര്‍ത്തകളും കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമാണ്. ഇതിനിടെയാണ് ഇരട്ടിയാവേശമായി കര്‍ണാടകക്കാരുടെ വികാരമായി മാറിയ കാവരേ നദീജല തര്‍ക്കത്തില്‍ അനുകൂല വിധിയും വന്നിരിക്കുന്നത്.

ഇതേസമയം,  വിധി വന്നതിന് പിന്നാലെ കര്‍ണാകടയിലെ പലസ്ഥലത്തും ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തി. ഇതിനിടെ, സുപ്രിംകോടതി വിധി അനുകൂലമായതിന്റെ ആശ്വാസത്തിലാണ് കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവിലെ നഗരവാസികള്‍. നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വിധിയിലുടെ 14.75 ഘന അടി ജലമാണ്​ കര്‍ണാടകത്തിന്​ ലഭിക്കുക. അധിക ജലം ലഭിക്കുന്നതിലുടെ ബംഗളൂരു നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന്​ പരിഹാരമാകുമെന്നാണ്​ കര്‍ണാടക സര്‍ക്കാരിന്റെപ്രതീക്ഷ.

സുപ്രിംകോടതി വിധിയിലുടെ ലഭിക്കുന്ന അധികജലമുപയോഗിച്ച് നഗരത്തിലെ കുടിവെള്ളക്ഷാമം  പരിഹരിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. കുടിവെള്ളക്ഷാമത്തിന് പൂര്‍ണപരിഹാരമായില്ലെങ്കില്‍ കൂടി നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് നഗരവാസികളുടെയും പ്രതീക്ഷ. കേരളമടക്കമുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും ബംഗളുരു നഗരത്തില്‍ ഓരോ വര്‍ഷവും പുതുതായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസത്തിനെത്തുന്നത്.

DONT MISS
Top