കാവേരിയില്‍ നിന്ന് കര്‍ണാടകത്തിന് അധികജലം അനുവദിച്ച് സുപ്രിം കോടതി വിധി, തമിഴ്‌നാടിന് തിരിച്ചടി

ദില്ലി: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് 14.75 ടിഎംസി ജലം അധികമായി അനുവദിച്ച് സുപ്രിം കോടതി ഉത്തരവ്. കര്‍ണാടകം തമിഴ്‌നാടിന് അനുവദിക്കേണ്ട ജലം 192 ടിഎംസിയില്‍ നിന്ന് 177.25 ടിഎംസി ആയി സുപ്രിം കോടതി കുറച്ചു. ഇതോടെ കാവേരി നദിയില്‍ നിന്ന് കര്‍ണാടകത്തിന് ലഭിക്കുന്ന ജലത്തിന്റെ അളവ് 284.75 ടിഎംസിയായി ഉയര്‍ന്നു. തമിഴ്‌നാടിന്റേത് 404.25 ടിഎംസിയായി കുറഞ്ഞു. കേരളത്തിനും പുതുച്ചേരിക്കുമുള്ള വിഹിതത്തില്‍ മാറ്റമില്ല. നദീജലം ഒരു സംസ്ഥാനത്തിന്റെയും കുത്തകയല്ലെന്നും രാജ്യത്തിന്റെ പൊതു സ്വത്താണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിയില്‍ വ്യക്തമാക്കി. ജലം പങ്കിടുന്നതിനുള്ള നിലവിലെ ധാരണ 15 വര്‍ഷത്തേക്ക് തുടരും.

കാവേരി നദി ജലം പങ്കിടുന്നത് സംബന്ധിച്ച് 2007 ല്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തത് കര്‍ണാടകം, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നല്‍കിയ ഹര്‍ജികളിലാണ് സുപ്രിം കോടതി വിധി പ്രസ്താവിച്ചത്. 2007 ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം കര്‍ണാടകത്തിന് 270 ഉം തമിഴ് നാടിന് 419 ഉം കേരളത്തിന് 30 ഉം പുതുച്ചേരിക്ക് ഏഴും ടിഎംസി ജലമാണ് കാവേരിയില്‍ നിന്ന് ലഭിക്കേണ്ടത്. എന്നാല്‍ തമിഴ് നാടിന്റ ജലം കണക്കിലാക്കിയപ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് ട്രിബ്യൂണല്‍ കണക്കിലെടുത്തില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടില്‍ 20 ഘനയടി ഭൂഗര്‍ഭജലം ഉണ്ടെന്നാണ് രേഖകളില്‍ നിന്ന് മനസിലാകുന്നതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ 10 ടിഎംസി ജലം കര്‍ണാടകത്തിന് നല്‍കണം. ഇതിന് പുറമെ ബംഗളുരുവിലെ കുടിവെള്ള വിതരണത്തിന് 4.75 ടിഎംസി ജലം കൂടി കോടതി അനുവദിച്ചു. ബംഗളുരു നഗരം കാവേരി നദീതടത്തിന്റെ ഭാഗമല്ലെന്നായിരുന്നു ട്രിബ്യൂണല്‍ വിധി.

മറ്റ് എന്തിനേക്കാളും കുടിവെള്ള വിതരണത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് വിധിയില്‍ വ്യക്തമാക്കി. ബിലിഗുണ്ടലുവില്‍ നിന്ന് കര്‍ണാടകം തമിഴ്‌നാടിന് വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവ് 192 ടിഎംസിയില്‍ നിന്ന് 177.25 ആയി സുപ്രിം കോടതി കുറച്ചു. കേരളത്തിനുള്ള വിഹിതം 30 ടിഎംസിയും പുതുച്ചേരിയുടേത് ഏഴ് ടിഎംസിയായി തുടരും. 99.8 ടിഎംസി ജലമെങ്കിലും അനുവദിക്കണമെന്ന കേരളത്തിന്റെ വാദം തള്ളിയത് സംസ്ഥാനത്തിന് തിരിച്ചടിയായി. ഇതിന് പുറമെ കബനിയിലും ഭവാനി പുഴയിലെയും കിഴക്കോട്ട് ഒഴുകുന്ന വെള്ളം തിരിച്ച് വിടാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി നിരാകരിച്ചു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് രണ്ടാം കൃഷിക്ക് അവകാശം ഉണ്ടെങ്കിലും കാവേരി ട്രിബ്യൂണല്‍ നിര്‍ദേശിച്ച ഏഴ് ടിഎംസിയിലധികം ജലം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

DONT MISS
Top