പിഎന്‍ബി തട്ടിപ്പ്: പ്രതി നീരവ് മോദിയും കുടുംബവും രാജ്യം വിട്ടു, ന്യുയോര്‍ക്കിലെന്ന് സൂചന

നീരവ് മോദി

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11, 400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യവസായി നീരവ് മോദിയും സംഘവും രാജ്യംവിട്ടു. നീരവ്, ഭാര്യ അമി, സഹോദരന്‍ നിഷാല്‍, സുഹൃത്തും വ്യാപാരിയുമായ മെഹുല്‍ ചൊക്‌സി എന്നിവരാണ് രാജ്യം വിട്ടത്. ഇവര്‍ ന്യുയോര്‍ക്കില്‍ ഉണ്ടെന്നാണ് സൂചന. നീരവ് മോദിയുടെ വീടുകളിലും ഓഫീസുകളിലും പരിശോധന തുടരുകയാണ്.

മാന്‍ഹട്ടനിലുള്ള ആഢംബര ഹോട്ടലില്‍ നീരവും കുടുംബവും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നീരവും ബെല്‍ജിയം പൗരത്വമുള്ള സഹോദരനും ജനുവരി ഒന്നിനും ഭാര്യയും സുഹൃത്തും ആറിനുമാണ് രാജ്യം വിട്ടതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ജനുവരി 23 ന് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നീരവ് പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള ഗ്രൂപ്പ് ഫോട്ടോയിലും നീരവ് ഉണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സിപിഐഎം പുറത്തുവിടുകയും ചെയിതിരുന്നു.

തുടക്കത്തില്‍ കണ്ടെത്തിയ 280 കോടി രൂപയുടെ തട്ടിപ്പിനെ കുറിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് ജനുവരി 29 നാണ് പരാതി നല്‍കുന്നത്. ഇതിന് മുന്‍പ് തന്നെ പ്രതികള്‍ രാജ്യം വിട്ടതായാണ് സിബിഐ വ്യക്തമാക്കുന്നത്. പരാതിയില്‍ ജനുവരി 31 ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷം ആരംഭിച്ചിരുന്നു. നാലുപേര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അതേസമയം, നീരവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിട്ടുണ്ട്. പ്രതി എത്ര ഉന്നതനായാലും വെറുതെ വിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ 5,100 കോടി രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. തന്റെ സ്വത്തുക്കള്‍ വിറ്റ് 6,000 കോടി രൂപ ബാങ്കില്‍ തിരിച്ചടയ്ക്കാമെന്ന് നീരവ് ഉറപ്പ് നല്‍കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് (ബയേഴ്‌സ് ക്രെഡിറ്റ്) വഴിയാണ് നീരവ് 11, 400 കോടി രൂപയുടെ തട്ടിപ്പ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയത്. ബാങ്കിലെ രണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു ഈ വന്‍തട്ടിപ്പ് നടന്നത്. ഈട് നല്‍കാതെ ബാങ്കില്‍ നിന്നും ജാമ്യച്ചീട്ട് സ്വന്തമാക്കിയ നീരവ് ഇതിന്റെ ഉറപ്പില്‍ വിദേശബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കായി കോടിക്കണക്കിന് രൂപ വായ്പ എടുക്കുകയായിരുന്നു. ഈ പണം നീരവ് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് പിഎന്‍ബിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടായത്.

അടുത്തിടെ വീണ്ടും ബയേഴ്‌സ് ക്രെഡിറ്റിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. നേരത്തെ സഹായിച്ച ജീവനക്കാരന്‍ വിരമിച്ചത് അറിയാതെയായിരുന്നു നീരവ് വീണ്ടും ബാങ്കിനെ സമീപിച്ചത്. പുതിയ ഉദ്യോഗസ്ഥന്‍ ജാമ്യച്ചീട്ടിന് ഈട് ആവശ്യപ്പെട്ടു. എന്നാല്‍ ഈട് ഇല്ലാതെ തനിക്ക് നേരത്തെ ജാമ്യച്ചീട്ട് ലഭിച്ചിട്ടുണ്ടെന്ന് നീരവ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.

DONT MISS
Top