കാവേരി നദീജല തര്‍ക്കം; കര്‍ണാടകയ്ക്ക് അധിക ജലം നല്‍കണമെന്ന് സുപ്രിം കോടതി

ദില്ലി: കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രിം കോടതി വിധി. അതേസമയം, നിലവിലെ വിഹിതം വെട്ടിക്കുറച്ചത് തമിഴ്നാടിന് തിരിച്ചടിയായി. കര്‍ണാടകത്തിന് 14.75 ഘനയടി ജലമാണ് അധികമായി ലഭിക്കുക. 2007 ലെ കാവേരി നദീജല ട്രിബ്യൂണലിന്റെ വിധിയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് പുറത്തുവന്ന വിധിയിലൂടെ കര്‍ണാടകത്തിന്റെ ജലവിഹിതം 284.25 ഘന അടിയായി ഉയര്‍ന്നു.

177.25 ഘനയടി ജലമാണ് തമിഴ്നാടിന് ലഭിക്കുക. തമിഴ്നാടിന് നേരത്തെ 192 ടിഎംസിയായിരുന്നു ലഭിച്ചിരുന്നത്. 15ഘന അടി വിഹിതമാണ് തമിഴ്നാടിന് കുറഞ്ഞത്. തമിഴ്‌നാടിനുളള വിഹിതം കുറച്ച് കര്‍ണാടകയ്ക്ക് കൂടുതല്‍ ജലം അനുവദിച്ചിരിക്കുകയാണ് സുപ്രിം കോടതി.

കേരളത്തിനും പുതുച്ചേരിയ്ക്കും കൂടുതല്‍ ജലവിഹിതമില്ല. അധിക ജലം വേണമെന്ന കേരളത്തിന്റെയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന നദീജല തര്‍ക്കത്തിലാണ് സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത്. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ വിധിയ്‌ക്കെതിരെ കര്‍ണാടകം, തമിഴ്‌നാട്, കേരളം, എന്നീ സംസ്ഥാനങ്ങള്‍ നല്‍കിയ അപ്പീലിലാണ് സുപ്രിം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. കാവേരിയില്‍ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ ട്രിബ്യൂണല്‍ അനുവദിച്ച 30ടിഎംസി അളവ് തുടരാനാണ് കോടതി വിധിച്ചത്.

DONT MISS
Top