ഇമ ചിമ്മുക (WINK) എന്നാല്‍ ഗൂഗിളിന് ഒറ്റ അര്‍ത്ഥമേയുള്ളൂ അത് പ്രിയാ വാര്യരാണ്; മാണിക്യമലരായ പൂവിയെ ഏറ്റെടുത്ത് ഗൂഗിളും യൂട്യൂബും

ഭൂമിയിലും ആകാശത്തിലുമുള്ള എന്തിനെക്കുറിച്ച് സംശയം ചോദിച്ചാലും ഉത്തരം പറഞ്ഞു തരാനറിയുന്ന ഒരേയൊരാളേയുള്ളൂ. അത് ഗൂഗിളാണ്. സംശയമെന്ത് തന്നെയായാലും അതൊന്ന് ടൈപ്പ് ചെയ്തു കൊടുക്കുകയേ വേണ്ടൂ, ഉത്തരങ്ങളുടെ ലിസ്റ്റ് തന്നെ താഴെ നിരക്കും. ഒരു വാക്ക് ടൈപ്പ് ചെയ്തു കൊടുക്കുമ്പോള്‍ ആ വാക്കിന്റെ അര്‍ത്ഥമോ അതല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള സംഭവമോ ഒക്കെയാണ് സാധാരണ ആദ്യനിരയില്‍ ഇടം പിടിക്കുക.

കണ്ണ് ചിമ്മുക എന്നര്‍ത്ഥം വരുന്ന വിങ്ക്(WINK)  എന്ന വാക്ക് വെറുതെയൊന്ന് ടൈപ്പ് ചെയ്ത് നോക്കുക. സൈറ്റടിച്ച് ലോകത്തെ മുഴുവന്‍ കയ്യിലെടുത്തിരിക്കുന്ന ഒരു മിടുക്കിയുടെ ചിത്രങ്ങളും വാര്‍ത്തകളുമാണ് താഴെ അണിനിരക്കുക. ആദ്യസിനിമയിലെ ഒരൊറ്റ പാട്ടിലൂടെ ഇത്രയ്ക്ക് പ്രശസ്തയായ മറ്റൊരാളില്ല എന്ന തന്നെ പറയാം. അതുകൊണ്ട് തന്നെ ഗൂഗിളും അംഗീകരിച്ചുകൊടുത്തിരിക്കുരകയാണ് പ്രിയാ വാര്യര്‍ എന്ന തൃശൂരുകാരിയെ. പ്രിയയുടെ ചിത്രങ്ങളും വിശേഷങ്ങളും അറിഞ്ഞിട്ട് മതി ബാക്കി സൈറ്റടിയും ഇമ ചിമ്മലുമൊക്കെ അറിയുന്നത് എന്നൊരു ലൈനിലാണ് ഗൂഗിള്‍.

മാണിക്യമലരായ പൂവീ, എന്ന് തുടങ്ങുന്ന പാട്ടിന്റെ ദൃശ്യങ്ങളില്‍ ഏറ്റവും ആകര്‍ഷണീയമായ രംഗമാണ് പ്രിയ റോഷനെ നോക്കി സൈറ്റടിക്കുന്ന ആ രംഗം. ആ സൈറ്റടി കണ്ട് റോഷന്‍ മാത്രമല്ല ലോക പ്രേക്ഷകര്‍ മൊത്തത്തിലാണ് കോരിത്തരിച്ചുപോയത്. അഡാര്‍ ലൗവെന്ന ചിത്രത്തിലെ മറ്റൊരു രംഗം കൂടി ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ആദ്യത്തെ സൈറ്റടിയില്‍ നിന്ന് വ്യത്യസ്ഥമായി കുറച്ചുകൂടി വിശാലമായി മറ്റൊരു രീതിയാണ് ഇത്തവണ ചിത്രീകരിച്ചിരിക്കുന്നത്. കൈവിരലുകളെ ചെറിയൊരു പിസ്റ്റലാക്കി പിന്നെയൊന്ന് ചുണ്ടിലമര്‍ത്തി, കണ്ണിറുക്കി, പ്രണയത്തിന്റെ ഒരു ബുള്ളറ്റാണ് പ്രിയ റോഷന്റെ നേര്‍ക്ക് തൊടുത്തുവിടുന്നത്. ആ ബുള്ളറ്റ് റോഷനൊപ്പം പ്രേക്ഷകരും നെഞ്ചിലേറ്റെടുത്തു കഴിഞ്ഞു. ലുലുമാളിലെത്തിയ പ്രിയയും റോഷനും ഈ രംഗങ്ങള്‍ പ്രേക്ഷകര്‍ക്കുവേണ്ടി ലൈവായി കാണിച്ച് വീണ്ടും കയ്യടി നേടിയിരുന്നു.

ചിത്രത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ഒന്ന് മുഖം കാണിച്ച് വന്നുപോകേണ്ട ആളായിരുന്നു പ്രിയ. ഒന്നു കണ്ണടച്ചു തുറന്നപ്പോഴേയ്ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റാകേണ്ടിയിരുന്ന പ്രിയ നായികയായിരിക്കുകയാണ്. ‘എന്തിനാ എല്ലാരും പടക്കംപൊട്ടിച്ചെ ഇന്ന് വിഷുവാ’ എന്നൊരു അങ്കലാപ്പിലാണ് പ്രിയ ഇപ്പോഴും. ഒറ്റ സൈറ്റടിയിലൂടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് യാതൊരു പിടിയുമില്ല. ഒന്നുമാത്രമറിയാം സകലതും കയ്യീന്നുപോയി, താനാളൊരു ലോക പ്രശസ്തയായി.

ഈയൊരു അവസ്ഥയില്‍ തന്നെയാണ് ചിത്രത്തില്‍ സൈറ്റടി ഏറ്റുവാങ്ങിയ റോഷനും. ഈ സന്തോഷം സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുയാണ്. ഗൂഗിളില്‍ മാത്രമല്ല, യുട്യൂബിലും വിങ്ക് എന്ന ടൈപ്പ് ചെയ്താല്‍ പ്രിയ മാത്രമാണ് ലിസ്റ്റില്‍ വരുന്നത്. സകലതും പ്രിയമയം. കണ്ണിറുക്കുക, സൈറ്റടിക്കുക എന്നൊക്കെയുള്ള പ്രയോഗങ്ങളെ പ്രിയ എന്ന ഒറ്റ മറുപടിയില്‍ ഒതുക്കിയിരിക്കുകയാണ് ഗൂഗിളും യൂട്യൂബുമൊക്കെ.

DONT MISS
Top