പ്രായമല്ല, പ്രകടനമാണ് പ്രധാനം; ലോകകപ്പ് മോഹം പ്രകടമാക്കി യുവരാജ് സിംഗ്

യുവരാജ് സിംഗ്

ദില്ലി: 2019 ലെ ലോകകപ്പ് മോഹം പ്രകടമാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ്. മുറിവേറ്റ് കിടക്കുമ്പോഴും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നായിരുന്നു യുവരാജിന്റെ പ്രതികരണം. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലാണ് ശ്രദ്ധിക്കുന്നതെന്നും തന്നെപ്പോലൊരാള്‍ക്ക് അതില്‍ നിന്നും ഏറെ പ്രചോദനം ലഭിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിരാടിന്റെ നേതൃത്വത്തില്‍ ടീം മാറിയിട്ടുണ്ട്. മികച്ച ഫിറ്റ്‌നസിലൂടെയും ചിട്ടയിലൂടെയും കോഹ്‌ലി അവരെ ശരിയായ ദിശയില്‍ തന്നെയാണ് നയിക്കുന്നത്. 2019 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രകടനമാണത്, സ്‌പോര്‍ട്‌സ് സ്റ്റാറിനനുവദിച്ച അഭിമുഖത്തിലായിരുന്നു യുവരാജിന്റെ പ്രതികരണം.

ടീമില്‍ മുതിര്‍ന്ന താരങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ ടീം മാനേജ്‌മെന്റ് പരജയപ്പെട്ടോ എന്ന ചോദ്യത്തിന് പ്രായമല്ല പ്രകടനമാണ് പ്രധാനമെന്നായിരുന്നു താരത്തിന്റെ മറുപടി. സീസണിലുടനീളം മികച്ച പ്രകടനം നിങ്ങള്‍ കാഴ്ചവെയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളെ തെരഞ്ഞെടുക്കും. സ്ഥിരതയാണ് മുഖ്യം, എല്ലാവരെയും പ്രായം പെട്ടെന്ന് തളര്‍ത്തില്ല. മുപ്പത് കഴിഞ്ഞും പല താരങ്ങളും മികച്ച ഫോം തുടരുന്നുണ്ട്, താരം ചൂണ്ടിക്കാട്ടി.

എന്റെ ബെസ്റ്റ് കാഴ്ചവെച്ചെന്ന് തോന്നുന്നത് വരെയും, അതില്‍ കൂടുതല്‍ ചെയ്യാനില്ലെന്ന് ബോധ്യപ്പെടുന്നത് വരെയും ഞാന്‍ മുന്നോട്ട് പോകും. ഇന്ത്യക്ക് വേണ്ടി തുടര്‍ന്ന് കളിക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ഇനിയും രണ്ടോ, മൂന്നോ ഐപിഎല്‍ എനിക്ക് അവശേഷിക്കുന്നുണ്ടെന്ന് ഇപ്പോഴും വിശ്വാസിക്കുന്നു, താരം കൂട്ടിച്ചേര്‍ത്തു. പാഡഴിച്ചുകഴിഞ്ഞാല്‍ പരിശീലകന്റെ റോള്‍ ഏറ്റെടുക്കാനാണ് താത്പര്യമെന്നും യുവരാജ് സിംഗ് വ്യക്തമാക്കി.

മുന്‍പ് എല്ലാ ടീമുകളിലും ബാറ്റ്‌സ്മാന്‍മാരാണ് ധാരാളം ഉണ്ടായിരുന്നത്. ഫ്രാഞ്ചസികള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതും ബാറ്റ്‌സ്മാന്‍മാര്‍ക്കും ഓള്‍റൗണ്ടേഴ്‌സിനും വേണ്ടിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ബൗളര്‍മാര്‍ക്കും ഇപ്പോള്‍ പണമെറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ക്കൊപ്പം ഐപിഎല്ലില്‍ ബൗളര്‍മാര്‍ക്ക് അര്‍ഹിച്ച പ്രാധാന്യം ലഭിച്ചതായി യുവരാജ് ചൂണ്ടിക്കാട്ടി.

DONT MISS
Top