വിവാദങ്ങള്‍ വിട്ടൊഴിയാതെ ‘മാണിക്യമലരായ പൂവി’; ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിന് കത്ത്

മുംബെെ: ഒരൊറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ ഉമര്‍ ലുലുവിന്റെ അഡാര്‍ ലൗ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഗാനത്തിനെതിരെ ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഗാനത്തിനെതിരെ മുംബൈയിലെ റാസ അക്കാദമിയും രംഗത്ത്.

പ്രവാചകനെയും ഭാര്യയെയും ഗാനത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും അത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ ഗാനം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് റാസാ അക്കാദമി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് നല്‍കിയിരിക്കുകയാണ്. ഗാനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് റാസാ അക്കാദമിയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎഫ്‌സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിയ്ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.

മാണിക്യ മലരായ പൂവി എന്ന ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പറ്റം മുസ്‌ലീം യുവാക്കള്‍ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചയായ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ വരികള്‍ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു അവരുടെ പരാതി.

വിവാദങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ഗാനം പിന്‍വലിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഗാനത്തിന് ലഭിച്ച വ്യാപക പിന്തുണയെ തുടര്‍ന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനത്തില്‍നിന്ന് പിന്മാറിയത്.

ചുരുങ്ങിയ സമയം കൊണ്ടാണ്  അഡാറ് ലൗവിലെ ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ പ്രേക്ഷകരാണ് കണ്ടുകഴിഞ്ഞത്. ഗാനത്തില്‍ അഭിനയിച്ചിരിക്കുന്ന പ്രിയയ്ക്കും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ 19 ലക്ഷം ഫോളോവേഴ്‌സുമായി ഒന്നാമനായിരുന്ന യുവതാരം ദുല്‍ഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തത്.

DONT MISS
Top