പിങ്ക് സിറ്റിയുടെ മതിലില്‍ മൂത്രമൊഴിച്ച് രാജസ്ഥാന്‍ ആരോഗ്യ മന്ത്രി; ചിത്രം വൈറലാകുന്നു

മന്ത്രിയുടെ വൈറലായ ചിത്രം

ജയ്പൂര്‍: പിങ്ക് സിറ്റിയുടെ മതിലില്‍ പരസ്യമായി മൂത്രമൊഴിച്ചതിന്റെ ഫോട്ടോ വൈറലായതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ആരോഗ്യ മന്ത്രിയും ബിജെപി നേതാവുമായ കാളീചരണ്‍ സറഫ്. മന്ത്രി മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സംഭവം അത്ര ഗൗരവമായ ഒരു കാര്യം അല്ല എന്നാണ് കാളീചരണ്‍ പറയുന്നത്.

സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം മുനിസിപ്പാലിറ്റിയെ മാലിന്യ മുക്തമാക്കി ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടാനായി ജയ്പൂര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പരിശ്രമിക്കുന്നതിനിടയിലാണ് മന്ത്രി പരസ്യമായി മൂത്രമൊഴിച്ച് വിവാദം ശ്രഷ്ടിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റി മാലിന്യ മുക്തമാക്കുന്നതിന് റോഡ് സൈഡുകളില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് 200 രൂപ ഫൈനും ഏര്‍പ്പെടുത്തിയിരുന്നു.

സംഭവം വിവാദമായതോടെ മന്ത്രി ഫോണ്‍ സ്വിച്ച് ഓഫാക്കിയിരിക്കുകയാണ്. വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം അറിയാനായി ഓഫീസില്‍ സമീപിച്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനും മന്ത്രി തയ്യാറായില്ല. വിഷയത്തില്‍ തനിക്ക് ഒന്നും പറയാന്‍ ഇല്ല. ഇത് അത്ര ഗൗരവമായി കാണേണ്ട ഒരു കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സ്വച്ഛ് ഭാരതിനായി ഒരുപാട് പണം ചെലവഴിച്ച് പ്രവര്‍ത്തനം നടത്തുമ്പോള്‍ ചില രാഷ്ട്രീയ നേതാക്കള്‍ തെറ്റായ സന്ദേശം നല്‍കുന്ന അപാമാനകരമായ കാര്യമാണെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അര്‍ച്ചന ശര്‍മ്മ പറഞ്ഞു.

DONT MISS
Top