പാട്ടും ഗാനരംഗവും മതവികാരം വ്രണപ്പെടുത്തി; പ്രിയ വാര്യര്‍ക്കെതിരെ ഹൈദരാബാദില്‍ പരാതി

ഹൈദരാബാദ്: ഒരൊറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ ഉമര്‍ ലുലുവിന്റെ അഡാര്‍ ലൗ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരെയും അതില്‍ അഭിനയിച്ചിരിക്കുന്ന യുവതാരം പ്രിയ വാര്യര്‍ക്കെതിരെയും ഹൈദരാബാദ് പൊലീസില്‍ പരാതി.

മുസ്‌ലീം മതവിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഒരു പറ്റം മുസ്‌ലീം യുവാക്കളാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചയായ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ വരികള്‍ മതവികാരം വ്യണപ്പെടുത്തിയെന്നാണ് പരാതി.

മാണിക്യ മലരായ പൂവി എന്ന ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഗാനത്തിന്റെ വീഡിയോ പരാതിക്കാര്‍ ഹാജരാക്കിയിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ചുരുങ്ങിയ സമയം കൊണ്ടാണ്  അഡാറ് ലൗവിലെ ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരു കോടിയിലേറെ പ്രേക്ഷകരാണ് കണ്ടുകഴിഞ്ഞത്. ഗാനത്തില്‍ അഭിനയിച്ചിരിക്കുന്ന പ്രിയയ്ക്കും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ 19 ലക്ഷം ഫോളോവേഴ്‌സുമായി ഒന്നാമനായിരുന്ന യുവതാരം ദുല്‍ഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തത്.

DONT MISS
Top