അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ ദേവനെ ഇതുവരെയും കണ്ടെത്താനായില്ല; തെരച്ചില്‍ കാര്യക്ഷമമായി നടക്കുന്നിലെന്ന് കുടുംബം

ദേവന്‍

കൊല്ലം: കൊല്ലം അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ ദേവനെ ഇതുവരെയും കണ്ടെത്താനായില്ല. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പൊലീസും കാര്യക്ഷമമായി തെരച്ചില്‍ നടത്തുന്നില്ല എന്നാണ് കുടുംബത്തിന്റെ ആക്ഷേപം. വിദ്യാര്‍ത്ഥി കൂടിയായ ദേവന്‍ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമൂലമാണ് അവധിദിവസങ്ങളില്‍ കടലില്‍ പോകുന്നത് .

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം അഴീക്കല്‍ നിന്ന് ഉത്രം എന്ന ബോട്ടില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം സഹായിയായി ദേവന്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. ഉള്‍ക്കടലില്‍ വെച്ച് ബോട്ടിലെ റോപ്പ് വലിച്ച് കയറ്റവെയാണ് ദേവന്‍ കടലില്‍ വീണത്. ഇത് മറ്റ് തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും ദേവനെ കണ്ടെത്താനായില്ല. ഐടിഐ വിദ്യാര്‍ത്ഥിയായ ദേവന്‍ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം അവധി ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാറുണ്ടായിരുന്നു. ദേവനെ കടലില്‍ കാണാതായിട്ട് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോഴും തെരച്ചില്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

അതേസമയം തെരച്ചില്‍ തുടരുകയാണെന്നാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പൊലീസും അറിയിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു തെരച്ചില്‍ നടക്കുന്നില്ലെന്നും നേവിയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തണം എന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാരിന്റെയും അധികൃതരുടെയും അവഗണന തുടരുമ്പോഴും ദേവനെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

DONT MISS
Top