ഒടുവില്‍ പാകിസ്താന്‍ വഴങ്ങി; ഹാഫിസ് സയിദിനെ ഭീകരനായി പ്രഖ്യാപിച്ചു

ഹാഫിസ് സയിദ്

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത് ഉത്ദവ തലവനുമായ ഹാഫിസ് സയിദിനെ പാകിസ്താന്‍ ഭീകരനായി പ്രഖ്യാപിച്ചു. ഇയാളെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പലവട്ടം അമേരിക്ക ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാകിസ്താന്‍ വഴങ്ങിയിരുന്നില്ല. മതപണ്ഡിതനാണ് ഹാഫിസ് സയിദെന്ന നിലപാടിലായിരുന്നു പാകിസ്താന്‍. മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ ഇയാളെ വിട്ടുകിട്ടാന്‍ ഇന്ത്യയും പലവട്ടം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന്‍ ശക്തമായ എതിര്‍പ്പാണ് ഉന്നയിച്ചിരുന്നത്.

ഹാഫിസ് സയിദ് അടക്കമുള്ളവരെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയും ജമാത് ഉത്ദവ, ഹര്‍ഖത് ഉല്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തോയ്ബ തുടങ്ങി 27 സംഘടനകളെ ഭീകരവാദ സംഘടനകളായി പ്രഖ്യാപിച്ചും നേരത്തെ യുഎന്‍ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പാകിസ്താന്‍ തയാറായിരുന്നില്ല.

ഭീകരസംഘനടകള്‍ക്കും ഭീകരവാദികള്‍ക്കുമെതിരെയുള്ള നടപടികള്‍ ശക്തമാക്കാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, പാകിസ്താനുള്ള സഹായം റദ്ദു ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടികള്‍ക്ക് പാകിസ്താന്‍ തയാറായത്. യുഎന്‍ നിരോധിച്ച സംഘടനളെയും വ്യക്തികളെയും പാകിസ്താനിലും നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് പാക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. ഇതോടെയാണ് ഹാഫിസ് സയിദ് അടക്കമുള്ള ഭീകരര്‍ക്കും ഇയാള്‍ സ്ഥാപിച്ച സംഘടന അടക്കമുള്ളവയ്ക്കും പാകിസ്താനില്‍ നിരോധനം വന്നത്.

2008 ലെ മുംബൈ ആക്രമണമടക്കം ഇന്ത്യക്കെതിരേയുള്ള പല തീവ്രവാദ ആക്രമണങ്ങളുടെയും ബുദ്ധികേന്ദ്രമാണ് ഹാഫിസ് സയീദ്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇയാളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപണ്ഡിതനായ ഹാഫിസ് സയീദിന് തീവ്രവാദ ബന്ധമൊന്നുമില്ലെന്നും മുംബൈ ആക്രണത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പാക് നിലപാട്.

തെഹ്‌രിക് ഇ ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ എന്ന സംഘടന ഹാഫിസ് സയീദ് രൂപീകരിച്ചിരുന്നു. ജമാത് ഉത് ദവ പേരുമാറ്റിയാണ് തെഹ്‌രിക് ഇ ആസാദി ജമ്മു ആന്‍ഡ് കശ്മീര്‍ ആയത്. അമേരിക്കയുടെ സമ്മദ്ദത്തെ തുടര്‍ന്ന് ഈ സംഘടനയെ കഴിഞ്ഞവര്‍ഷം ജൂണില്‍ പാക് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മുംബൈ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ സെയ്ദിനെതിരേയും ജമാത് ഉത് ദവയ്‌ക്കെതിരേയും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഘടനയുമായി സെയ്ദ് രംഗത്തുവന്നത്. ജമാത് ഉത് ദവ(ജെയുഡി)യ്‌ക്കെതിരേയും ഹാഫിസ് സെയ്ദിനെതിരേയും നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വ്യാപകമായ പിന്തുണ ലഭിച്ചിരുന്നു. അമേരിക്ക ശക്തമായ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ സയിദിനെ വീട്ടുതടങ്കലിലാക്കിയിരുന്നെങ്കിലും പിന്നീട് ഇയാളെ മോചിപ്പിച്ചിരുന്നു.

ഹാഫിസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയെ അമേരിക്കന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് 2002 ല്‍ തന്നെ പാകിസ്താന്‍ നിരോധിച്ചിരുന്നു. 2001 ല്‍ അമേരിക്ക ലഷക്‌റിനെ നിരോധനപട്ടികയില്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു പാക് നടപടി. വിലക്ക് വന്നതിനെ തുടര്‍ന്നാണ് ലഷ്‌കറിനെ പേരുമാറ്റി ജമാത് ഉത് ദവ ആക്കിയത്. ഈ സംഘടന നീരീക്ഷണ പട്ടികയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തെഹ്‌രിക് ഇ ആസാദി ജമ്മു ആന്‍ഡ് കശ്മീരുമായി ഹാഫിസ്  സയീദ്   എത്തിയത്. എല്ലാ സംഘടനകളുടെയും ലക്ഷ്യം ഇന്ത്യക്കെതിരേയുള്ള ആക്രമണങ്ങളായിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മില്ലി മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിക്കും ഹാഫിസ് സെയ്ദ് രൂപം നല്‍കിയിരുന്നു.

DONT MISS
Top