ഗൗരി നേഹയുടെ ആത്മഹത്യ: പ്രിന്‍സിപ്പാളിനോട് അവധിയില്‍ പോകാന്‍ മാനേജ്‌മെന്റ്

കൊല്ലം: കൊല്ലം ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാളിനോട് വിരമിക്കും വരെ അവധിയില്‍ പോകാന്‍ നിര്‍ദേശം. മാനേജ്‌മെന്റാണ് പ്രിന്‍സിപ്പാള്‍ ഷെവലിയാര്‍ ജോണിനാണ് നിര്‍ദേശം നല്‍കിയത്. പ്രിന്‍സിപ്പാള്‍ വിരമിക്കാന്‍ ഒന്നരമാസം ശേഷിക്കെയാണ് മാനേജ്‌മെന്റിന്റെ നടപടി.

ഗൗരി നേഹ കേസിലെ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്തതിനാണ് നടപടി. അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് തെറ്റെന്ന് മാനേജ്‌മെന്റ്. അധ്യാപികമാര്‍ക്കും മാനേജ്‌മെന്റ് താക്കീത് നല്‍കി.

എന്നാല്‍ പ്രിന്‍സിപ്പളിനെതിരായ മാനേജ്‌മെന്റിന്റെ നടപടി ഒത്തുകളിയാണെന്ന് നേഹയുടെ അച്ഛന്‍ പ്രസന്നന്‍ പ്രതികരിച്ചു. പ്രിന്‍സിപ്പള്‍ വിരമിക്കാന്‍ ഒന്നരമാസം ശേഷിക്കേ ശമ്പളത്തോടെയുള്ള അവധി നല്‍കിയത് ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചിരുന്നു. അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു.

ഗൗരി നേഘയുടെ മരണത്തിനുത്തരവാദികളെന്ന് ആരോപണത്തിന് വിധേയരായ അധ്യാപികമാരെ സ്‌കൂളില്‍ പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സസ്പന്‍ഷന്‍ പിന്‍വലിച്ച് സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത് ഏറെ വിവാദമായിരുന്നു.

മാത്രമല്ല അധ്യാപികമാരെ സ്വീകരിക്കാന്‍ നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നല്‍കിയ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

DONT MISS
Top