പലസ്തീനിലെ ചരിത്ര സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയില്‍

മോദിയെ സ്വീകരിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍

അബുദാബി: ചരിത്രം കുറിച്ച പലസ്തീൻ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയെ സ്വീകരിച്ചു.

മൂന്നു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് മോദി യുഎഇയിൽ എത്തുന്നത്. നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും അബുദാബി അദ്ദേഹത്തിന്‍റെ രണ്ടാം വീടാണെന്നും കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍  വ്യക്തമാക്കിയെന്നു മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഇന്ത്യന്‍
വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ അബുദാബിയിലെ രക്തസാക്ഷി മണ്ഡപമായ വാഹത് അൽ കരാമയിൽ മോദി പ്രണാമം അർപ്പിച്ചു. തുടര്‍ന്ന്‌ അദ്ദേഹം  ദുബായിലേക്ക് പുറപ്പെടും. ദുബായിൽ നടക്കുന്ന എട്ടാമത് ലോക ഗവണ്‍മെന്റ്‌
ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോദി, സാങ്കേതിക വിദ്യയും വികസന സാധ്യതകളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.

ഗൾഫിലെ പ്രധാന വ്യവസായസംരഭകരുമായി നിക്ഷേപ സാധ്യതകൾ സംബന്ധിച്ചും ചർച്ചയുണ്ടാകും. ദുബായ് ഒപ്പേറ ഹൗസിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട 1800 ഇന്ത്യക്കാരായ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, അബുദാബിയിൽ നിർമിക്കുന്ന പുതിയ ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനം ടെലികോണ്‍ഫറൻസിലൂടെ നിർവഹിക്കും. കഴിഞ്ഞ തവണത്തെ മോദിയുടെ യുഎഇ സന്ദര്‍ശവേളയിലാണ് ക്ഷേത്രനിര്‍മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ബഹിരാകാശപര്യവേഷണം, സ്കിൽ ഡവലപ്പ്മെന്‍റ്, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ സുപ്രധാനമായ ഏതാനും കരാറുകളിൽ മോദി ഒപ്പുവയ്ക്കും.


നേരത്തെ പലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി യുഎയിലെത്തിയത്.  ഇന്നലെ  ഉച്ചയോടെ റാമല്ലയില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പാണ് പലസ്തീന്‍ നല്‍കിയത്.  സ്വതന്ത്ര-പരമാധികാര പലസ്തീന് പിന്തുണയറിയിക്കുന്നതായും പലസ്തീനില്‍ സമാധാനം തിരിച്ചെത്തുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. പലസ്തീനിലെ സമാധാനം എന്നത്‌  അത്ര എളുപ്പമല്ലെന്നറിയാം, പക്ഷെ അതിനുവേണ്ടി ശ്രമിക്കണം. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് സ്ഥിരം പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. വൈകാതെ പലസ്തീന്‍ സമാധാനത്തിന്റെ വഴിയിലൂടെ ഒരു സ്വതന്ത്രമാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. പലസ്തീനിലെ ജനങ്ങളുടെ താത്പര്യത്തിനൊപ്പമാണ് ഇന്ത്യയെന്നും പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസുമൊത്തുള്ള സംയുക്ത പ്രസ്താവനയില്‍ മോദി പറഞ്ഞു.   മേഖലയിലെ സമാധാനത്തിന് നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് മോദിയെ സ്വാഗതം ചെയ്തുകൊണ്ട് പലസ്തീന്‍ പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസും കൂട്ടിച്ചേര്‍ത്തു.

റാമല്ലയിലെ ഐടി പാര്‍ക്ക് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മോദി, പലസ്തീന്‍ വിമോചന നായകന്‍  യാസര്‍ അറാഫത്തിന്റെ ശവകുടീരത്തില്‍ പുഷ്പചക്രവും അര്‍പ്പിച്ചു.

320 കോടി രൂപയുടെ ആറ് കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിരുന്നു. വിദ്യാഭ്യാസം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ   മേഖലയിലാണ് കരാറുകള്‍
50 മില്ല്യണ്‍ ഡോളറിന്റെ വിവിധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

തുടര്‍ന്ന് വൈകിട്ട് ആറരയോടെയാണ് മോദി, യുഎയിലെത്തിയത്.

DONT MISS
Top