റിലീസിന് മുന്‍പേ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചാക്കോച്ചന്റെ കുട്ടനാടന്‍ മാര്‍പാപ്പ

റിലീസിന് മുന്‍പേ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ചാക്കോച്ചന്റെ കുട്ടനാടന്‍ മാര്‍പാപ്പ. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് വിതരണാവകാശം മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ റെക്കോഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്.

ചിത്രത്തിന്റെ റീമേക്ക് അവകാശം ബോംബെ ആസ്ഥാനമാക്കിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മാതാവായ ഹസീബ് ഹനീഫില്‍ നിന്നും ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് നിര്‍മ്മാതാവിന് ഇരട്ടിമധുരവുമായി സാറ്റലൈറ്റ് വിതരണാവകാശവും റെക്കോഡ് വിലയ്ക്ക് വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് മാര്‍ച്ചില്‍ വെക്കാനിരിക്കെയാണ് ഈ അപൂര്‍വ്വ നേട്ടം.

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് വിജയ് ആണ്. കുട്ടനാടും മറ്റു പ്രദേശങ്ങളിലുമായി 44 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ജോണ്‍ എന്ന വീഡിയോ ക്യാമറാമാനായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.

മലയാളം മൂവി മേക്കേഴ്‌സ് ആന്‍ഡ് ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. അതിഥി രവിയാണ് ചിത്രത്തിലെ നായിക.

DONT MISS
Top