നിവിന്‍ പോളി വിജയിച്ച താരം, എന്നാല്‍ ഇതുവരെ ഇത്തരത്തില്‍ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ നിവിന്‍ പോളിയില്‍ കണ്ടിട്ടില്ല; തുറന്ന് പറഞ്ഞ് ശ്യാമ പ്രസാദ്

മലയാള സിനിമാ ലോകത്ത് എന്നും തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സംവിധായകനാണ് ശ്യാമ പ്രസാദ്. സംവിധായകന്‍ എന്ന നിലയില്‍ പലരും കൈവെയ്ക്കാത്ത മേഖലകളിലൂടെ കഥ പറയാന്‍ ശ്രമിച്ച സംവിധായകന്‍. മലയാള സിനിമയെ ഒരു പരിധിവരെ ഹോളിവുഡ് നിലവാരത്തേക്കെത്തിക്കാന്‍ ശ്യാമ പ്രസാദിന് സാധിച്ചിട്ടുണ്ട്. തന്റെ സിനിമകളെ കുറിച്ച് റിപ്പോര്‍ട്ടറുമായി പങ്കുവെയ്ക്കുകയാണ് ശ്യാമ പ്രസാദ്

ഹേയ് ജൂഡ് പറയുന്നതുപോലെ അക്കങ്ങള്‍ക്ക് വ്യക്തത ഉണ്ട്. എന്നാല്‍ ഇമോഷന്‍സ് സത്യമാണോ എന്ന് പലപ്പോഴും അറിയില്ല. അത്തരത്തില്‍ കോംപ്ലിക്കേറ്റഡായിട്ടുള്ള ഇമോഷന്‍സിനെയാണ് പലപ്പോഴും താങ്കള്‍ ചോദ്യം ചെയ്യുന്നത്. അത് ഇഷ്ടമുള്ള ഒരു കാര്യമായി നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് ?

കലയും സാഹിത്യവുമൊക്കെയാണ് മനുഷ്യന്റെ ജീവിതത്തിലെ മറ്റു രീതിയില്‍ നിര്‍ദ്ധാരണം ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളെ പ്രതിപാദിക്കുന്നത്. ലേഖനങ്ങളില്‍ പോലും പറയാന്‍ പറ്റാത്ത ജീവിത്തിന്റെ പല മേഖലകളെക്കുറിച്ചും കലയിലൂടെ മാത്രമേ പറയാന്‍ സാധിക്കൂ. വ്യക്തമായ ഉത്തരങ്ങളില്ലാത്ത ഒരു പാട് കാര്യങ്ങള്‍ പോലും കലയിലൂടെ പറയാന്‍ സാധിക്കുന്നു.

പല സിനിമകളിലും ഇമോഷന്‍സിനെ പല രീതിയില്‍ കൈകാര്യം ചെയ്യാന്‍ താങ്കള്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ മനുഷ്യന്റെ ഒരു സൈക്കോളജിക്കല്‍ സ്റ്റേബിലിറ്റി എന്നും താങ്കളെ സംബന്ധിച്ച് വലിയ സമസ്യയായിരുന്നു. കഥ എന്നത് വളരെ കാലമായുള്ള ഒരു തോട്ട് പ്രോസസ് ആണോ ? വളരെ കാലം മുന്‍പ് തയ്യാറാക്കി വെച്ച ഒരു കഥയാണോ ഇപ്പോള്‍ ഹേയ് ജൂഡിലൂടെ പറയുന്നത് ?

അല്ല. നമ്മള്‍ എല്ലാം സ്വതവേ ലെയേര്‍സ് ഓഫ് റിയാലിറ്റിയിലാണ് ജീവിക്കുന്നത്. കുടുംബത്തിലെ ഒരാള്‍, സമൂഹത്തിലെ ഒരാള്‍, നമ്മളുമായുള്ള നമ്മുടെ സംഘര്‍ഷങ്ങള്‍, സംവാദങ്ങള്‍. അങ്ങനെ പല ലെയറില്‍ ജീവിക്കേണ്ടി വരുന്നതു തന്നെ വളരെ കോംപ്ലിക്കേറ്റഡാണ്. അത് അറിഞ്ഞാലും ഇല്ലെങ്കിലും മനുഷ്യന്റെ സത്തയിലുള്ളതാണ്. ഇത് കലയില്‍ സ്വാഭാവികമായും പല ഡൈമന്‍ഷനില്‍ വരിക എന്നതിന് സാധ്യത ഉണ്ട്. സിനിമയിലും ഭൂതകാലത്തോട് സമരസപ്പെടാത്ത ഒരു ചെറുപ്പക്കാരന്‍ ഉണ്ട്. ഒരേ കടലില്‍ ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ മറ്റൊരു പുരുഷന്‍ അവര്‍ അവരുടെ മോറലായിട്ടുള്ള ചോദ്യങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ഹേയ് ജൂഡില്‍ സ്വന്തം മനസിന്റെ കണക്ഷനില്‍ പാളിച്ചകള്‍ വന്ന ആളാണുള്ളത്. സമൂഹത്തില്‍ ഉണ്ടാകുന്ന പൊരുത്തക്കേടുകള്‍ അത് സമൂഹത്തിന് സ്വീകരിക്കാന്‍ എന്തുകൊണ്ട് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്തുകൊണ്ട് നമ്മള്‍ വ്യത്യസ്തരായ മനുഷ്യരെ ഒരു വിചിത്രരായി കാണുന്നു. എന്നാല്‍ എങ്ങനെ നമുക്കവരെ സ്വീകരിക്കാം. ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്.

സാധാരണ നിലയില്‍ ശ്യാമപ്രസാദിന്റെ സിനിമയില്‍ ഒരു വിഷാദച്ഛായ ഉള്ളതായി തോന്നാറുണ്ട്. എന്നാല്‍ ഇവിടെ സന്തോഷം ടാഗ് ലൈനില്‍ തന്നെയുണ്ട്. വളരെ സങ്കീര്‍ണ്ണമായ ജീവിത സാഹചര്യങ്ങളുള്ള ആളുകള്‍ സന്തോഷത്തില്‍ എത്തുന്നു എന്ന് താങ്കള്‍ കാണിക്കുകയാണ്. എന്തുകൊണ്ടാണ് അങ്ങനെ?

ഇത് ആദ്യമേ നിശ്ചയിച്ച് ഉറപ്പിച്ച കാര്യമാണ്. കാരണം ഇത് വളരെ ഡാര്‍ക്ക് ആയിട്ടുള്ള ഒരു വിഷയമാണ്. ഒരാളുടെ നിലനില്‍പ് വളരെ ദുരിതപൂര്‍ണമായൊരു കഥയാണ്. എന്നാല്‍ അതിനെ ലളിതമായ രീതിയില്‍ പറയാനാണ് ഞാന്‍ ശ്രമിച്ചത്. ഇതിനായുള്ള പ്രചോദനം പീക്കു എന്ന സിനിമയായിരുന്നു. പീക്കു എന്ന സിനിമയുടെ വിഷയം മരണവും ഏകാന്തതയും അസുഖങ്ങളും ഒക്കെയാണ്. എന്നാല്‍ വളരെ ഭംഗിയായി, ലളിതമായി ആ സിനിമ ചിത്രീകരിച്ചു എന്നുള്ളത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഹേയ് ജൂഡിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ അതിന്റെ ഒരു നറേറ്റീവ് ടോണാണ് മനസില്‍ വരുന്നത്.

നിവിന്‍ പോളിയെപ്പോലൊരു സൂപ്പര്‍സ്റ്റാറിനെ ഇങ്ങനെയാണോ സ്‌ക്രീനില്‍ കാണേണ്ടത് എന്നൊരു ആശയക്കുഴപ്പം ചിത്രം കാണുന്ന പ്രേക്ഷകര്‍ക്കുണ്ടാക്കുന്നില്ലേ? നിവിന്റെ കഥാപാത്രത്തിന് അവസാനം വരെ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. പകരം മറ്റ് കഥാപാത്രങ്ങള്‍ ജൂഡുമായി പൊരുത്തപ്പെടുകയാണ് ചെയ്യുന്നത്. ആ ഒരു ഐഡന്റിറ്റി ക്രൈസിസിനെ മറികടക്കാന്‍ ഇങ്ങനെയൊരു കൊമേഴ്സ്യല്‍ ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ടോ?

ഏറ്റവും കൂടുതല്‍ ആളുകളില്‍ എത്തണമെന്ന ചിന്തയോടെയാണ് എല്ലാ ഫിലിം മേക്കേഴ്സും സിനിമ ചെയ്യുന്നത്. അതില്‍ ചില സിനിമകള്‍ കൊമേഴ്സ്യലായി മാറുന്നു എന്നുമാത്രമേ പറയാന്‍ പറ്റൂ. അത്തരത്തില്‍ വയബിളായി മാറിയ ഒരു ചിത്രമെന്ന രീതിയിലാണ് ഞാനിതിനെ കാണുന്നത്. കൊമേഴ്‌സ്യലാക്കാന്‍ വേണ്ടി പ്രമേയത്തിനപ്പുറത്തേക്ക് ഒന്നും ചെയ്തിട്ടില്ല. നിവിന്‍ പോളി ഒരു വിജയിച്ച താരമാണ്. എന്നാല്‍ ഇതുവരെ ഇത്തരത്തില്‍ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങള്‍ നിവിന്‍ പോളിയില്‍ കണ്ടിട്ടില്ല.

ഇങ്ങനെയൊരു കഥാപാത്രം നിവിന്‍ പോളിയെ ഏല്‍പ്പിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി?

നായകന്റെ മാത്രം സാധ്യതകളിലോ പരിമിതികളിലോ അല്ല സിനിമ നിലനില്‍ക്കുന്നത്. സംവിധായകനാണ് എന്താണ് യാഥാര്‍ത്ഥ്യവല്‍ക്കരിക്കേണ്ടെതെന്ന് അയാള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. നല്ല തിരക്കഥയും സംവിധാനമികവും കൂടിച്ചേരുമ്പോള്‍ അവിടെയൊരു മോശം നായകന്‍ ഉണ്ടാകില്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. ഒരുപാട് ആശയങ്ങളുള്ള ഒരു നടനാണ് നിവിന്‍. ഒരു കഥാപാത്രം ഏല്‍പിച്ചു കഴിഞ്ഞാല്‍ അതിനുവേണ്ടി ഒരുപാട് അധ്വാനിക്കുന്ന പഠിക്കുന്ന ഒരുപാട് സംശയങ്ങളുള്ള ഒരു വ്യക്തിത്വം.

ജൂഡ് എന്ന കഥാപാത്രം നിവിനെ സംബന്ധിച്ച് പൂര്‍ണ്ണമായും സ്വീകാര്യമായിരുന്നോ? ഒരു സൂപ്പര്‍സ്റ്റാറായി വളര്‍ന്നു വരുന്നതിനിടയ്ക്ക് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നുറപ്പില്ലാത്ത ഇങ്ങനെയൊരു കഥാപാത്രത്തെ സ്വീകരിക്കാന്‍ നിവിന്‍ എങ്ങനെയാണ് തയ്യാറായത്?

നിവിന്‍ ഇതൊരു ചലഞ്ചായിത്തന്നെയാണ് എടുത്തത്. ഏകദേശം ആറുമാസം സമയെമെടുത്തു കഥാപാത്രത്തെ പൂര്‍ണമായി മനസിലാക്കാന്‍. ഈ മാനസികാവസ്ഥയിലുള്ള വ്യക്തികളെ പരിചയപ്പെടാനും പഠനങ്ങള്‍ റഫര്‍ ചെയ്യാനും അവസരം കൊടുത്തു. നിവിന്‍ സ്വന്തമായ രീതിയിലും അന്വേഷണങ്ങള്‍ നടത്തി. ഷൂട്ടിംഗ് ആരംഭിച്ചതുമുതല്‍ ഞങ്ങള്‍ക്ക് കഥാപാത്രത്തെക്കുറിച്ച് സംശയമേയുണ്ടായിരുന്നില്ല.

സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചവരില്‍ രണ്ട് പേരാണ് സിദ്ദിഖും വിജയ് മേനോനും. സിദ്ദിഖിനെയും വിജയ്‌മേനോനെയും വ്യത്യസ്തവേഷങ്ങളില്‍ പ്രേക്ഷകര്‍ നിരവധി സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സിദ്ദിഖും വിജയ് മേനോനും ഉണ്ടോ എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നത് ഹേ ജൂഡിലൂടെയായിരിക്കുമോ?

ഇരുവര്‍ക്കും പൂര്‍ണമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു. കഥാപാത്രത്തെ പൂര്‍ണമായി അവതരിപ്പിക്കാന്‍ കഴിവുള്ള രണ്ട് നടന്‍മാരാണ് സിദ്ദിഖും വിജയ് മേനോനും. സാത്വികാഭിനയത്തിന് കഴിവുള്ള അപൂര്‍വ്വം നടന്‍മാരില്‍ ഒരാളാണ് സിദ്ദിഖ്. ആ കഥാപാത്രത്തെ മനസ്സില്‍ കാണുമ്പോള്‍ തന്നെ സിദ്ദിഖാണ് ആ വേഷം കൈകാര്യം ചെയ്യാന്‍ അനുയോജ്യമെന്ന് കരുതിയിരുന്നു. മറ്റ് വേഷങ്ങള്‍ ചെയ്ത നീനാ കുറുപ്പ്, അപൂര്‍വ എന്നിവരും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയായി ചെയ്തു. ഇതിലെ മുഴുവന്‍ കഥാപാത്രങ്ങള്‍ക്കും ഒരു അബ്‌നോര്‍മാലിറ്റിയുണ്ട്.

ശ്യാമ പ്രസാദ് ചിത്രങ്ങള്‍ കാണുമ്പോള്‍ ശരി ഏതാണ് തെറ്റേതാണ് എന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകന് നല്‍കുന്ന പ്രവണതയാണ് കാണുന്നത്. ഒരേ കടല്‍ പോലുള്ള ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. സിനിമയിലൂടെ വ്യക്തമായ ഉത്തരം നല്‍കാതിരിക്കുകയല്ലേ ചെയ്യുന്നത്?

ശരി, തെറ്റ് പൂര്‍ണമായി തീരുമാനിക്കേണ്ട ആവശ്യമില്ല. മനുഷ്യനെ കൂടുതല്‍ ജഡ്ജ്‌മെന്റലാകാതിരിക്കാന്‍ പ്രേരിപ്പിക്കുകയാണ് കല ചെയ്യേണ്ടത്. സമൂഹത്തിലും അതിന്റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. നൂറ് വര്‍ഷം മുന്‍പുളള ഒരു സമൂഹത്തിന്റെ നിയമങ്ങളും രീതികളുമല്ല ഇന്നുള്ളത്. അടുത്ത ഇരുപത്തഞ്ച് വര്‍ഷത്തേക്ക് ഇതായിരിക്കുകയുമില്ല.

ശ്യാമ പ്രസാദ് എന്ന സംവിധായകന്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങളില്‍ മാത്രമായി കുരുങ്ങി കിടക്കുന്നുണ്ടോ ?

അറിയില്ല [ചിരിച്ചുകൊണ്ട്] എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വിഭാഗമാണ് ആംഗ്ലോ ഇന്ത്യന്‍. വളരെ പ്രത്യേകതയുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മനുഷ്യരാണ് ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാര്‍. അവരുടെ വംശം തന്നെ കുറ്റിയറ്റ് പോയികൊണ്ടിരിക്കുകയാണ്. പാശ്ചാത്ത്യ സംഗീതത്തിനോട് എനിക്കുള്ള താല്‍പര്യവും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങളോടുളള താല്‍പര്യ കൂടുതലുള്ളതുകൊണ്ട് സംഭവിച്ചതായിരിക്കാം.

ഒരു കഥയെ സംബന്ധിച്ച് പൂര്‍ണത ലഭിച്ചതിന് ശേഷം മാത്രമേ ശ്യാമ പ്രസാദ് ഒരു സിനിമയെ കുറിച്ച് ആലോചിക്കുകയുള്ളൂ. ജൂഡും അത്തരത്തിലുള്ളതാണോ?

എന്റെ മനസ്സിലുള്ള ഒരു സിനിമയെ സംബന്ധിച്ച് വിശ്വാസം വന്നതിന് ശേഷം മാത്രമേ താന്‍ അത് തുടങ്ങാറുള്ളൂ. ഹേയ് ജൂഡ് എഴുതാന്‍ ഞാന്‍ ഏല്‍പ്പിച്ചത് യുഎസില്‍ തൊഴില്‍ ചെയ്യുന്ന രണ്ട് യുവാക്കളെയായിരുന്നു. ഒന്നൊന്നര വര്‍ഷം നീണ്ടുനിന്ന ഒരു പ്രോസസ്സിലൂടെയായിരുന്നു ഹേയ് ജൂഡിന് കൃത്യമായ ഒരു ഷെയ്പ്പുണ്ടാകുന്നത്.

റോസും ദീപ്തിയുമെല്ലാം ആളുകളുടെ മനസ്സില്‍ ഇപ്പോഴും മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളായിരിക്കും ജൂഡും ക്രിസ്റ്റലും. ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ കാത്തിരിക്കേണ്ടത്? 

അതിനെ പറ്റി പൂര്‍ണമായും പറയാനായിട്ടില്ല. ഒരു തിരക്കഥ തയ്യാറാക്കിവെച്ചിട്ടുണ്ട്. ഹേയ് ജൂഡ്  പ്രേക്ഷകര്‍ക്ക് അപ്രതീക്ഷിതമായ അനുഭവമായിരുന്നുവെങ്കില്‍ അടുത്ത സിനിമ ഇതുപോലെ മറ്റൊരു അനുഭവമായിരിക്കും.

ഹേയ് ജൂഡ് തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ച്

ചിത്രത്തെ സംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നേയുള്ളൂ. ശ്യാമ പ്രസാദിന്റെ ടൈപ്പ് ഓഫ് സിനിമ എന്നുള്ള വിഭാഗത്തില്‍ ഹേയ് ജൂഡില്ല എന്നുള്ളതാണ് അതില്‍ പ്രധാനപ്പെട്ടത്. ശ്യാമ പ്രസാദിന്റെ സിനിമകള്‍ എത്തരത്തിലുള്ളതാണ് എനിക്കറിയില്ല.ഒരു പക്ഷെ തന്നെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒന്നുകൂടി ആലോചിക്കാന്‍  ജൂഡ് ഒരു പ്രേരണയായിരിക്കാം. അതുകൊണ്ടുതന്നെ അടുത്ത സിനിമ കുറച്ചുകൂടി അപ്രതീക്ഷിതമായിരിക്കും.

ഒരു അവാര്‍ഡ് സിനിമ എന്ന ഗണത്തില്‍ വരുന്നതിനാലായിരിക്കില്ലെ പ്രേക്ഷകര്‍ സിനിമ കാണാനെത്താത്തത്? 

അവാര്‍ഡ് കിട്ടി എന്നൊരു തെറ്റേ ഞാന്‍ ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ഒരു മുന്‍വിധി ഉണ്ടാകേണ്ടതിന്റെ ആവശ്യമെന്താണ്?

അഗ്നിസാക്ഷി, ദ ഗ്ലാസ് മെനേജറി പോലുള്ള സാഹിത്യ കൃതികള്‍ ധാരാളം സിനിമകളാക്കിയിട്ടുള്ള ആളാണ് താങ്കള്‍. ഇപ്പോള്‍ വായനയില്‍ എനിക്കിത് സിനിമയാക്കാന്‍ പറ്റുമോ എന്ന അന്വേഷണമുണ്ടോ?

അങ്ങനെ ബോധപൂര്‍വ്വമായ അന്വേഷണമല്ല. പക്ഷെ ചിലത് വായിച്ചുകൊണ്ടിരിക്കുമ്പോള്‍ തോന്നും അത് നല്ലതാണ് എന്ന്. ചിലപ്പോള്‍ അതങ്ങനെ തന്നെ കിടക്കും, വര്‍ഷങ്ങളോളം. ഉദാഹരണത്തിന് ഗ്ലാസ് മനേജറി ഞാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുന്ന കാലത്ത് വായിക്കുകയും സ്റ്റേജില്‍ അവതരിപ്പിക്കുകയും ചെയ്ത നാടകമാണ്. പക്ഷെ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് ഒരു സിനിമയായി മാറുന്നത്. അല്ലാതെ ഒരു പ്രൊജക്ട് കിട്ടിയാലുടനെ ഒരു പുസ്തകം അന്വേഷിച്ച് നടക്കുന്ന ആളല്ല ഞാന്‍.

യഥാര്‍ത്ഥത്തില്‍ ഒരു കാലഘട്ടത്തില്‍ ശ്യാമപ്രസാദിന്റെ ടെലിഫിലിമുകളാണ് ന്യൂജെനറേഷന്‍ സിനിമകളായി കണ്ടതും, മലയാളി പ്രേക്ഷകന് വേറൊരു തരത്തില്‍ ചിന്തിക്കാന്‍ കഴിയും, അത്തരത്തില്‍ ഒരു ആഗോള നിലവാരം സിനിമയ്ക്കായാലും ടെലിഫിലിമിനായാലും ഉണ്ടാക്കാന്‍ കഴിയും എന്ന തോന്നല്‍ ഉണ്ടാക്കിയതും. പക്ഷെ പിന്നീട് വന്നിട്ടുള്ള പ്രൊജക്ടുകള്‍ എല്ലാം തന്നെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് താങ്കളെ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ടോ?

അത് ഞാനല്ലല്ലോ പറയേണ്ടത്. അത് പറയേണ്ടത് നിങ്ങളെപ്പോലുള്ള പ്രേക്ഷകരും വിമര്‍ശകരുമല്ലേ

ഖസാക്ക് പോലുള്ള പ്രൊജക്ടുകള്‍ കൃത്യമായി സെറ്റ് ചെയ്യാന്‍ പറ്റാത്തതില്‍ ഒരു പശ്ചാത്താപം ശ്യാമപ്രസാദിനെ സംബന്ധിച്ചിടത്തോളം എവിടെയെങ്കിലും തോന്നിയിട്ടുണ്ടോ?

അങ്ങനെയൊരു തോന്നല്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഞാന്‍ വളരെ ഭാഗ്യവാനാണ്. എനിക്കിഷ്ടമുള്ള സിനിമ ഇഷ്ടമുള്ള രീതിയില്‍ ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ ആര്‍ഭാടങ്ങള്‍ ഒന്നും ഉണ്ടാകില്ലായിരിക്കും. പക്ഷെ അത് കൃത്യമായ രീതിയില്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. നിലവിലുള്ള നിര്‍മ്മാണ സാഹചര്യത്തില്‍ അത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. പതിനാലാമത്തെ സിനിമയാണ് ഹേയ് ജൂഡ്. അതില്‍ എനിക്ക് അതൃപ്തിയൊന്നുമില്ല, പക്ഷെ ഇപ്പറഞ്ഞതുപോലെ നാഴികകല്ലായി മാറേണ്ടിയിരുന്ന ചില സിനിമകള്‍ എനിക്ക് ചെയ്യാന്‍ പറ്റിയില്ല എന്ന് തോന്നിയിട്ട്. അതില്‍ പശ്ചാത്താപം ഒന്നുമില്ല.

ജൂഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിവെച്ച് ആളുകള്‍ തിയേറ്ററിലെത്തട്ടെയെന്നാണോ ഇപ്പോഴുള്ള പ്രതീക്ഷ?

തീര്‍ച്ചയായും. മുന്‍കാല ചിത്രങ്ങളില്‍ ഏതിന്റെയെങ്കിലും പിന്‍പറ്റിയല്ല ഞാന്‍ ചിത്രങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളത്. ഓരോ പ്രമേയത്തിനും ഓരോ ശൈലി ആവശ്യമുണ്ട്, ഓരോ ഭാഷ ആവശ്യമുണ്ട്. അതിനനുസരിച്ച് സിനിമയുണ്ടാക്കുന്നു. തീര്‍ച്ചയായും പ്രേക്ഷകനിലേക്ക് വൈകാരികമായ ഇംപാക്ട് ഉണ്ടാക്കുക എന്നത് തന്നെയാണ് എന്നെപ്പോലെ ഏതൊരു സംവിധായകന്റെയും ലക്ഷ്യം. അഭിനയമായാലും സിനിമാറ്റോഗ്രാഫി ആയാലും സംഗീതമായാലും അതിനുവേണ്ടി അവര്‍ എല്ലാ ടൂള്‍സും ഉപയോഗിക്കുന്നു. ഓരോ സിനിമ കഴിയുന്തോറും കൂടുതല്‍ ഷാര്‍പ്പായി, കൂടുതല്‍ ഇഫക്ടീവായി ചെയ്യാന്‍ പറ്റുമോ എന്ന് മാത്രമാണ് ഞാന്‍ ശ്രമിക്കുന്നത്.

DONT MISS
Top