ഒരു വെടിക്ക് 75 ഗുണ്ടകള്‍; തമിഴകത്തിന്റെ ഹീറോയായി ഗുണ്ടബിനുവിനെയും കൂട്ടുകാരെയും കുടുക്കിയ ഡപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് വേലു

വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ബിനു, ഗുണ്ടകളെ പിടികൂടിയ ഡെപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് വേലു.

ചെന്നൈ: പിറന്നാളാഘോഷിക്കുന്നത് അത്ര തെറ്റൊന്നുമല്ല. ആസ്തിയനുസരിച്ച് ആഘോഷങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകുമെന്നുമാത്രം. അങ്ങനെ പിറന്നാളാഘോഷിച്ച് കെണിയിലായ ഗുണ്ടബിനുവിനെ ട്രോളിക്കൊണ്ടുള്ള വാര്‍ത്തകളാണ് രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്നത്. ഒരു സൂചന പോലും കൊടുക്കാതെ 75ഓളം ഗുണ്ടകളെ ഒറ്റ പിറന്നാളിന് കുടുക്കിയ ഡപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് വേലുവാണ് തമിഴകത്തിന്റെ ഇപ്പോഴത്തെ സൂപ്പര്‍സ്റ്റാര്‍.

പണി ക്വട്ടേഷനാണെങ്കിലും ആര്‍ഭാടത്തോടത്തോടെ ജീവിക്കാന്‍ ആവശ്യാനുസരണം പണവും ഒപ്പംനില്‍ക്കാന്‍ പരിവാരങ്ങളുമൊക്കെയായപ്പോള്‍ മലയാളിയായ ബിനുവിനും തോന്നി പിറന്നാള് ഗംഭീരമാക്കണമെന്ന്. അങ്ങനെ എല്ലാരെയും വിളിച്ചുകൂട്ടി വലിയൊരു കേക്ക് മേടിച്ച് വടിവാളുകൊണ്ട് കട്ട് ചെയ്യുകയും ചെയ്തു. എല്ലാര്‍ക്കും കൊടുക്കാന്‍ പറ്റിയോ തിന്നാന്‍ പറ്റിയോ എന്നൊന്നും ഓര്‍ക്കാന്‍ നേരം കിട്ടിയില്ല. എവിടുന്നൊക്കെയോ പൊലീസ് ചാടിവീണു എല്ലാത്തിനെയും പൊക്കി. ഗുണ്ടബിനു എങ്ങനെയോ ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ പൊലീസ് നടത്തിയ ഗുണ്ടാവേട്ടയിലാണ് ഒരുകൂട്ടം ഗുണ്ടകള്‍ പിടിയിലായത്. കള്ളനും കൊതപാതകിയുമൊക്കെയാണെങ്കിലും ആ അഹങ്കാരമൊന്നും കാണിക്കാതെയാണ് തിരുവനന്തപുരത്തുകാരനായ ബിനു തന്റെ 47ാം പിറന്നാളാഘോഷിക്കാന്‍ കൂട്ടുകാരായ കള്ളന്മാരെ മുഴുവന്‍ വിളിച്ചുകൂട്ടിയത്. പക്ഷേ ആഘോഷങ്ങള്‍ തീരുംമുന്‍പ് സ്ഥലത്തെത്തിയ പൊലീസ് ഒട്ടുമിക്കവരെയും അറസ്റ്റ് ചെയ്തു.

കൊലപാതകക്കേസുകളിലും മറ്റ് 28ഓളം ക്രിമിനല്‍ കേസുകളിലും പ്രതിയാണ് ബിനു എന്ന തിരുവനന്തപുരം സ്വദേശി. ചെയ്യുന്ന കൃത്യത്തിന്റെ കൃത്യതകൊണ്ട് ‘തലവെട്ടി’ എന്ന് വിളിപ്പേരുണ്ട് ബിനുവിന്.  കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ് വരികയാണ്. മലയാമ്പക്കം ലോറി ഷെഡ്ഡില്‍ തന്റെ 47ാം പിറന്നാള്‍ ആഘോഷിക്കവെയാണ് ഇയാളുടെ കൂടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കാറിലും ബൈക്കിലുമൊക്കെയായി നൂറോളം ഗുണ്ടകളാണ് പിറന്നാളാഘോഷത്തിനെത്തിയത്. ഇതില്‍ 75 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. സ്ഥലത്തുനിന്നും ആയുധങ്ങള്‍, മൊബൈല്‍ഫോണുകള്‍, വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പിറന്നാള്‍ കേക്കിന് വിഭവസമൃദ്ധമായ ഭക്ഷവും വെടിക്കെട്ടും വരെ കരുതിയിരുന്നെങ്കിലും ഒടുവിലത്തെ വെടിക്കെട്ട് പൊലീസിന്റെ വകയായതാണ് ഗുണ്ടകളെ കുടുക്കിയത്.

അമ്പാട്ടൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് വേലുവാണ് ഒരു വെടിക്ക് 75 ഗുണ്ടകള്‍ എന്ന ഐഡിയ നടപ്പിലാക്കിയത്. ഇപ്പോള്‍ തമിഴകത്തിന്റെ സൂപ്പര്‍ ഹീറോയാണ് ഈ പൊലീസ് ഓഫീസര്‍. തമിഴിലെ സൂപ്പര്‍താരങ്ങള്‍ വരെ സര്‍വേശിനെ അഭിനന്ദിച്ച് രംഗത്തെത്തി. വിശാല്‍, സിദ്ധാര്‍ത്ഥ്, കരുണാകരന്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍മീഡിയ പേജിലൂടെ പൊലീസ് ഓഫീസര്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ഗുണ്ടാനേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനായി ക്രിമിനലുകള്‍ മുഴുവന്‍ ഒത്തുചേരുന്നവെന്ന വിവരം സര്‍വേശ് വേലു ഉടന്‍ കമ്മീഷണര്‍ എകെ വിശ്വനാഥനെ അറിയിച്ചതാണ് ഗുണ്ടാസംഘത്തെ കുടുക്കാന്‍ സഹായിച്ചത്. നേരത്തെ അറസ്റ്റിലായ ഒരാളില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

ഡെപ്യൂട്ടി കമ്മീഷണറായ സര്‍വേശ് വേലു ഇതിനുമുന്‍പും ജനങ്ങള്‍ക്ക് പ്രിയങ്കരനായിട്ടുണ്ട്. 4 വര്‍ഷമായി തെളിയിക്കാന്‍ കഴിയാതിരുന്ന കൊലപാതകക്കേസ് തെളിയിച്ചപ്പോഴായിരുന്നു അത്. മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന സര്‍വേശ് അതിയായ ആഗ്രഹം കൊണ്ടാണ് പൊലീസില്‍ ചേര്‍ന്നത്.

DONT MISS
Top