ആമി പ്രദര്‍ശനത്തിന് എത്തി; നീര്‍മാതളത്തിന്റെ നിത്യപ്രണയിനിയെ ഏറ്റെടുത്ത് പ്രേക്ഷകര്‍

വിവാദങ്ങള്‍ക്കിടെ മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കിയ ചലച്ചിത്രം, ആമി പ്രദര്‍ശനത്തിന് എത്തി. വായനക്കാര്‍ എന്നും നെഞ്ചേറ്റിയ നീര്‍മാതളത്തിന്റ പ്രിയ കഥാകാരിയാണ് കമലാ സുരയ്യ . ഇതേ സ്‌നേഹത്തോടെ പ്രേക്ഷകരും അഭ്രപാളിയിലെ ആമിയെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രീകരണം മുതല്‍ തന്നെ ആമിയില്‍ നിന്ന് വിവാദങ്ങള്‍ ഒഴിഞ്ഞിരുന്നില്ല. ചിത്രത്തില്‍ മാധവിക്കുട്ടിയായി ആദ്യം എത്തുമെന്ന് ഉറപ്പിച്ച വിദ്യാ ബാലന്റെ പിന്‍മാറ്റത്തിലുടെയാണ് സിനിമ ആദ്യം ചര്‍ച്ചാ വിഷയമായത്. തുടര്‍ന്ന് സമൂഹത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമായ മഞ്ജു വാര്യരാണ് ആമിയാകാന്‍ എത്തിയത്.

ശേഷം ലൗ ജിഹാദ് സിനിമയുടെ പ്രമേയമാണെന്ന് ആരോപിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ പിന്‍തുടര്‍ന്നെങ്കിലും ആമിയെ തന്‍മയീ ഭാവത്തോടെ ഏറ്റെടുത്ത് മഞ്ജു അഭ്രപാളിയിലെത്തിയത് ചിത്രത്തിന് നിറ ഭംഗിയേകി.

സിനിമ കണ്ടിറങ്ങിയ ആമിയുടെ സഹയാത്രികയുടേയും സഹോദരിയുടേയും കണ്ണില്‍ നനവ് പടര്‍ത്താന്‍ സിനിമയുടെ സംവിധായകന്‍ കമലിനും കഴിഞ്ഞു. പുന്നയൂര്‍ കുളത്തെ വീട്ടിലെ നീര്‍മാതളത്തിന്റെ കഥാകാരിയെ അഭ്രപാളിയിലെത്തിച്ചതിന്റെ സന്തോഷം മഞ്ജു വാര്യരും മറച്ചു വെച്ചില്ല.

ജീവിതത്തിലുടനീളം നിര്‍ഭയത്തോടെ കമലയായും  സുരയ്യയായും ജീവിച്ച മാധവിക്കുട്ടിയുടെ കയ്യൊപ്പ് ചാര്‍ത്തിയ ആമിയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

DONT MISS
Top