ചെങ്ങന്നൂരില്‍ ബിജെപിക്ക് വോട്ട് കുറയും; ബിഡിജെഎസ് തനിച്ച് മത്സരിക്കുന്ന കാര്യം പരിഗണനയില്‍: തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന സൂചന നല്‍കി ബിഡിജെഎസ്. സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് പാര്‍ട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കുമെന്നും ബിഡിജൈസ് സംസ്ഥാന വെസ്പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറിലാണ് തുഷാര്‍ മനസ് തുറന്നത്.

ചെങ്ങന്നൂരില്‍ ഇത്തവണ ബിജെപിക്ക് വോട്ട് കുറയുമെന്ന് തുഷാര്‍ പറഞ്ഞു. ഇത്തവണ എന്‍ഡിഎയിലെ മുന്നണിബന്ധം ശക്തമല്ലെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും തുഷാര്‍ ചൂണ്ടിക്കാട്ടി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചതില്‍ പകുതി വോട്ടുകളും ബിഡിജെഎസിന്റേതായിരുന്നു. ഇത്തവണ അത് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും തുഷാറിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. ആലപ്പുഴ ജില്ലാക്കമ്മറ്റിക്കും ഇതേവികാരമാണ് ഉള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാന കമ്മറ്റി കൈക്കൊള്ളും. എന്‍ഡിഎയോട് ബിഡിജെഎസ് സീറ്റ് ആവശ്യപ്പെടില്ല. തുഷാര്‍ പറഞ്ഞു.

2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് 42,682 വോട്ടുകളാണ് ലഭിച്ചത്. ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ ഒന്നായിരുന്നു ചെങ്ങന്നൂര്‍. ഇത്തവണ ഇതിലും മികച്ച പ്രകടനം എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കഴിയുന്നതും ഒരു അട്ടിമറി തന്നെയാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ മനസിലുള്ളത്. എന്നാല്‍ ബിഡിജെഎസിന്റെ ഇടഞ്ഞ് നില്‍പ് ബിജെപിക്ക് വല്ലാത്ത തിരിച്ചടി ആയിരിക്കുകയാണ്.

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. സ്വാഭാവികമായും ബിജെപി തന്നെയാവും മത്സരിക്കുക. പിഎസ് ശ്രീധരന്‍ പിള്ള, പാര്‍ട്ടി സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ബിഡിജെഎസ് ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. മുന്നണയില്‍ വേണ്ട പരിഗണന ലഭിക്കാത്തതാണ് ഇതിന് കാരണം. തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ഇതുവരെയും നല്‍കാത്തതിലുള്ള പ്രതിഷേധം ബിഡിജെഎസ് ബിജെപിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പലതവണ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

DONT MISS
Top