ബാങ്ക് ജപ്തി ഭീഷണി മുഴക്കി; കൊല്ലത്ത് കശുവണ്ടി മുതലാളിയുടെ ആത്മഹത്യാ ശ്രമം

കൊല്ലം: ബാങ്ക് ജപ്തി ഭീഷണി മുഴക്കിയതിനെ തുടർന്ന് കൊല്ലത്ത് കശുവണ്ടി മുതലാളി ആത്മഹത്യക്ക് ശ്രമിച്ചു. അൽഫാന ക്യാഷ്യൂ കമ്പനി ഉടമ നസീറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫാക്ടറി പൂട്ടി പോയതോടെയാണ് നസീർ കടക്കെണിയിലായത്.

അഞ്ച് ഫാക്ടറികളിലായി 800 ഓളം തൊഴിലാളികള്‍ക്കാണ് അല്‍ഫാന കാഷ്യു തൊഴില്‍ നല്‍കിയിരുന്നത്. ഫാക്ടറികള്‍ അഞ്ചും ഇപ്പോള്‍ അടഞ്ഞ് കിടക്കുകയാണ് . സംസ്കരിച്ച പരിപ്പിനേക്കാള്‍ കൂടുതല്‍ വില തോട്ടണ്ടിക്ക് നല്‍കേണ്ടി വരുന്നതാണ് കാരണം.

ഫാക്ടറി പൂട്ടിയതോടെ ഉടമ നസീറിന് ഏഴുകോടി രൂപ ബാധ്യതയായി. അടുത്തമാസം ഫാക്ടറി ജപ്തി ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. സമ്മര്‍ദ്ധം താങ്ങാന്‍ കഴിയാത്തതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കശുവണ്ടി ഫാക്ടറി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

കടത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് ജ്യോതി കാഷ്യൂ ഫാക്ടറി ഉടമയും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ചെറുകിട മുതലാളിമാരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് കാഷ്യൂ ഫാക്ടറി ഉടമസ്ഥരുടെ ആവശ്യം.

DONT MISS
Top