അയോധ്യ കേസ്: ഭൂമി തര്‍ക്കം മാത്രമെ പരിഗണിക്കൂ എന്ന് സുപ്രിം കോടതി


ദില്ലി: അയോധ്യ കേസ് ഭൂമി തര്‍ക്കമായി മാത്രമേ പരിഗണിക്കൂ എന്ന് സുപ്രിം കോടതി. കേസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം തള്ളി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും പരിഭാഷ രണ്ട് ആഴ്ചക്കുള്ളില്‍ ഹാജരാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി.

പതിറ്റാണ്ടുകളായി മതസംഘടനകള്‍ തമ്മിലുള്ള അവകാശവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമായ അയോധ്യകേസിലെ ഭൂമി തര്‍ക്കം മാത്രമേ സുപ്രിം കോടതി പരിഗണിക്കൂ. കേസില്‍ അന്തിമവാദം തുടങ്ങാനിരിക്കെയാണ് മറ്റു വശങ്ങള്‍ പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. തര്‍ക്കവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകളുടെ ചരിത്രം കോടതിയുടെ വിഷയമല്ല. കേസിലെ എല്ലാ രേഖകളും രാമായണം, ഭഗവത് ഗീത, രാമചരിതമാനസം തുടങ്ങിയ ഗ്രന്ഥങ്ങളിലെ കേസുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യണം. 500 ഓളം രേഖകളുടെ പരിഭാഷപൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം കൂടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി അനുവദിച്ചു.

കേസില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കണമെന്നും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഹര്‍ജിക്കാരില്‍ ഒരാള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 700 ലധികം പാവപ്പെട്ടവരുടെ ഹര്‍ജികള്‍ കോടതിക്ക് മുന്നില്‍ ഉണ്ടെന്നും അയോധ്യ കേസിന് മാത്രമായി സമയം ചെലവഴിക്കാന്‍ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. മാര്‍ച്ച് 14 ന് ഹര്‍ജികളില്‍ അന്തിമവാദം തുടങ്ങും.

ശ്യാം ബെനഗല്‍, ടീസ്റ്റ സ്റ്റെതല്‍വാദ് തുടങ്ങി നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷകള്‍ കോടതി പരിഗണിച്ചില്ല. ഇപ്പോള്‍ ഇവ തള്ളുന്നില്ലെന്നും കേള്‍ക്കണോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, അയോധ്യ കേസിനെ കേവലം ഭൂമി തര്‍ക്കമായി മാത്രം പരിഗണിക്കരുതെന്ന ആവശ്യവുമായി കേസില്‍ കക്ഷിയായ നിര്‍മോഹി ആഘാഡ രംഗത്തെത്തി.

DONT MISS
Top