ബജറ്റില്‍ ആന്ധ്രയ്ക്ക് കിട്ടിയതില്‍ കൂടുതല്‍ പണം ബാഹുബലിക്ക് ലഭിച്ചു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ടിഡിപി

ദില്ലി: കേന്ദ്ര ബജറ്റിലുള്ള അതൃപ്തി അറിയിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വീണ്ടും തെലുങ്ക് ദേശം പാര്‍ട്ടി രംഗത്ത്. ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ആന്ധാപ്രദേശിന് നല്‍കിയതില്‍ കൂടുതല്‍ തുക രാജമൗലിയുടെ ബാഹുബലിക്ക് ലഭിച്ചിരുന്നു എന്നാണ് ടിഡിപി നേതാവ് ജയദേവ് ഗാല്ല പറഞ്ഞത്.

ആന്ധാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണം എന്നാതായിരുന്നു ടിഡിപിയുടെ പ്രധാന ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനത്തിന് പ്രത്യേക പരിഗണ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ടിഡിപിയെ അറിയിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ 1800 കോടി രൂപയാണ് ബജറ്റില്‍ ആന്ധ്രാപ്രദേശിന് പ്രത്യേകമായി അനുവദിച്ചത്. എന്നാല്‍ ബാഹുബലി സിനിമ അതിനേക്കാളും കലക്ഷന്‍ നേടി എന്നാണ് ടിഡിപി നേതാവായ ജയദേവ് ഗാല്ല മാധ്യമങ്ങളോട് പറഞ്ഞത്. ബാഹുബലി നേടിയതിനേക്കാളും കുറവ് തുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍ഡിഎ സര്‍ക്കാരിന്റെ സഖ്യ കക്ഷിയായിട്ടു പോലും നരേന്ദ്രമോദി സര്‍ക്കാര്‍ ഇത്തരത്തിലാണ് തങ്ങളെ പരിഗണിക്കുന്നതെങ്കില്‍ ഭാവിയില്‍ സഖ്യം വേണ്ടെന്ന് വെക്കേണ്ടിവരും എന്നും ജയദേവ് ഗല്ല പറഞ്ഞു. ബജറ്റില്‍ കാര്യമായ പരിഗണന ലഭിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുമെന്ന് ടിഡിപി ഇതിനു മുന്‍പ് തന്നെ അറിയിച്ചിരുന്നു.

കൂടാതെ ബിജെപിയ്ക്ക് സഖ്യത്തില്‍ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ തങ്ങള്‍ തങ്ങളുടെ വഴി നോക്കുമെന്ന്  ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി സഖ്യം നിലനില്‍ക്കുന്നതുകൊണ്ടാണ് തങ്ങള്‍ കൂടുതലൊന്നും പറയാത്തതെന്നും ബിജെപിയ്‌ക്കെതിരെ സംസാരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

DONT MISS
Top