“റിഹേഴ്‌സലില്‍ പറഞ്ഞതല്ല ഷോട്ടില്‍ ചെയ്തത്; മാപ്പു പറഞ്ഞിട്ടും ആക്രമണം നടത്തി”: ബിടെക് സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് സംവിധായകന്‍

റിഹേഴ്‌സലില്‍ പറഞ്ഞതല്ല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഷോട്ടില്‍ ചെയ്തതെന്ന് ബി ടെക് സിനിമയുടെ സംവിധായകന്‍ മൃദുല്‍ നായര്‍. സിനിമയുടെ സെറ്റില്‍ ഇന്നലെ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടറോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

ആസിഫ് അലി നായകനാവുന്ന ബി ടെക് സിനിമയുടെ സെറ്റില്‍ ഇന്നലെയാണ് ജൂനിയര്‍ ആര്ടിസ്റ്റുകള്‍ സംഘര്‍ഷം ഉണ്ടാക്കിയത്. റിഹേഴ്‌സല്‍ സീനില്‍ രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ആയിരുന്നു സ്റ്റേജില്‍ ലാത്തിയുമായി പൊലീസ് ഓഫീസര്‍മാരായി എത്തിയത്. എന്നാല്‍ ഷോട്ടില്‍ ഇത് ആറായി. ഇവര്‍ സൈജു കുറുപ്പ്, അപര്‍ണ മുരളി, അജു വര്‍ഗീസ്, ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കു നേരെ ലാത്തി വീശി.

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും നിര്‍ത്തിയില്ല. പിന്നീട് ഇവരോട് നിര്‍ത്താനായി ദേഷ്യപ്പെട്ടു പറഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ കൂട്ടമായി വന്നു അടിയുണ്ടാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നു.

കര്‍ണ്ണാടക ആര്‍ട്ടിസ്റ്റുകള്‍ ആയതിനാല്‍ താന്‍ സിനിമക്കു വേണ്ടി മാപ്പ് പറയാന്‍ വരെ തയ്യാറായെന്ന് സംവിധായകന്‍ പറഞ്ഞു. 400 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മുന്‍പാകെ മാപ്പു പറഞ്ഞു താന്‍ കാരവാനിലേക്ക് പോയി. പക്ഷേ മാപ്പു പറഞ്ഞിട്ടും കര്‍ണ്ണാടക സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സെറ്റില്‍ ആക്രമണം നടത്തുകയായിരുന്നു. കരോവനും രണ്ടു ടെമ്പോ ട്രാവലര്‍ ഉള്‍പ്പെടെ കല്ലെറിഞ്ഞു തകര്‍ത്തു എന്നും സംവിധായകന്‍ മൃദുല്‍ നായര്‍ പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് ആദ്യം സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചുവെങ്കിലും പിന്നീട് പൂര്‍ത്തിയാക്കി എന്നും മൃദുല്‍ നായര്‍ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി.  ആഭാസം എന്ന സിനിമക്കു ശേഷം ബാഗ്ലൂരില്‍ ചിത്രീകരണ വേളയില്‍ സംഘര്‍ഷം ഉണ്ടാവുന്ന രണ്ടാമത്തെ മലയാള സിനിമ യാണ് ബി.ടെക്ക്.

DONT MISS
Top