കെഎസ്ആര്‍ടിസി പ്രതിസന്ധി, മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

ഫയല്‍ചിത്രം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തികപ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. ഇന്ന് രാത്രി എട്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. മാസങ്ങളായി ശമ്പളവും പെന്‍ഷനും മുടങ്ങിക്കിടക്കുകയാണ്. പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. തലശേരി സ്വദേശി നടേശ് ബാബുവാണ് ഇന്ന് ആത്മഹത്യ ചെയ്തത്. അതിനിടെ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ ഇന്ന് ആശുപത്രിയില്‍ മരിച്ചു. നേമം സ്വദേശി കരുണാകരനാണ് ചികിത്സയിലിരിക്കെ മരിച്ചത്.

ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഇന്ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പെന്‍ഷന്‍ ഈ മാസം തന്നെ കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ഇത് വേഗത്തിലാക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കാനാണ് ഇന്ന് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിയിലെ ശമ്പളത്തിനായി ധനമന്ത്രി തോമസ് ഐസക് 70 കോടി രൂപ അനുവദിച്ചിരുന്നു. പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളെ ഏല്‍പ്പിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. 254 കോടി രൂപയാണ് കെഎസ്ആര്‍സിയില്‍ ഇതുവരെ പെന്‍ഷന്‍ കുടിശികയുള്ളത്. ഇത് ഈ മാസം തന്നെ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമാകുകയായിരുന്നു. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാരും ധനകാര്യ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥറും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ കിട്ടാത്തത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തുവരുന്നത്. തലശേരി സ്വദേശി നടേശ് ബാബുവാണ് ആത്മഹത്യ ചെയ്തത്. ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ടായിരുന്നു ഇദ്ദേഹം. കുറച്ച് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ബത്തേരിയിലെ ഒരു ലോഡ്ജ് മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെന്‍ഷന്‍ മുടങ്ങിയത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്. പെന്‍ഷന്‍ മുടങ്ങിയത് മൂലം ചികിത്സ ലഭ്യമാകാതെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു മുന്‍ജീവനക്കാരന്‍ മരിച്ചിരുന്നു. പുതുവൈപ്പിന്‍ സ്വദേശി വിവി റോയിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

DONT MISS
Top