ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി; പരുക്കേറ്റ ഹ്യൂം കൊല്‍ക്കത്തയ്‌ക്കെതിരെ കളിക്കില്ല

ഇയാന്‍ ഹ്യൂം

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊല്‍ക്കത്തയോട് ഏറ്റുമുട്ടും. അതേസമയം സസ്‌പെന്‍ഷനിലായ നായകന്‍ സന്ദേശ് ജിങ്കന് പുറമെ ഇയാന്‍ ഹ്യൂമിന് പരുക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും. കഴിഞ്ഞ മത്സരത്തില്‍ പൂനെ സിറ്റിയോടുള്ള കളിക്കിടെ പരുക്കേറ്റ മുന്നേറ്റ താരത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. നാല് മഞ്ഞ കാര്‍ഡുകള്‍ ലഭിച്ചതാണ് ജിങ്കന്  വിനയായത്.

കൊച്ചിയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഗോള്‍രഹിത സമനിലയായിരുന്നും ഫലം. 14 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും കൊമ്പന്മാര്‍ക്ക് വിജയിച്ചേ തീരൂ. കളിക്കാരുടെ പരുക്കാണ് ടീമിന് തലവേദനയാകുന്നത്. ഹ്യൂമിന് പുറമെ കിസിറോണ്‍ കിസിറ്റോ, ദീപേന്ദ്ര നേഗി എന്നിവരും പരുക്കിന്റെ പിടിയിലാണ്. വിക്ടര്‍ പുള്‍ഗ കളിക്കുമോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജാക്കിചന്ദ്- വിനീത്-പെക്കൂസണ്‍ സഖ്യത്തിലാണ് പ്രതീക്ഷ. ഐസ്‌ലാന്‍ഡ് താരം ഗുഡ്‌ജോണ്‍ ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.

മൂന്ന് ഹോം മത്സരങ്ങളുള്‍പ്പെടെ കഴിഞ്ഞ നാല് മത്സരങ്ങളും തോറ്റ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. 13 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റാണ് അവര്‍ക്ക്. എന്നാല്‍ 2015 മുതല്‍ ആറ് തവണ ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റുമുട്ടിയപ്പോള്‍ പരാജയപ്പെട്ടില്ല എന്നത് കൊല്‍ക്കത്തയ്ക്ക് ആത്മവിശ്വാസം പകരും. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ മാത്രം പോരാ മറ്റ് ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ടുള്ള യാത്ര. അതിനാല്‍ തന്നെ ഇനിയൊരു പരാജയം ടീമിന്റെ സെമി സാധ്യതകള്‍ പോലും ഇല്ലാതാക്കും. ‘മികച്ച കളിക്കാരുടെ സംഘമാണ് ഞങ്ങളുടേത്. മികച്ച പ്രകടനവുമായി ഞങ്ങള്‍ മുന്നോട്ട് പോകും,’ ഡേവിഡ് ജെയിംസ് പറഞ്ഞു.

രാത്രി എട്ടിന് കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബര്‍ സ്‌റ്റേഡിത്തിലാണ് മത്സരം. ഇന്ന് വിജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യനാലില്‍ എത്താം. ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഹ്യൂമും പ്രതിരോധത്തിന്റെ കോട്ട കാക്കാന്‍ ജിങ്കാനുമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. എല്ലാ മത്സരത്തിലും പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്ന പരിശീലകനാണ് ഡേവിഡ് ജെയിംസ്. അതുകൊണ്ടുതന്നെ കളിക്കാരെക്കാളുപരി പരിശീലകനില്‍ തന്നെയാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെയും പ്രതീക്ഷ. തുടര്‍ പരാജയങ്ങളില്‍ നിന്ന് ടീമിനെ വിജയവഴിയില്‍ എത്തിക്കാനായ ജെയിംസിന് പ്ലേഓഫ് കടമ്പ മറികടിക്കാനാകുമെന്ന് പ്രതീക്ഷിക്കാം.

DONT MISS
Top