മാലിദ്വീപ്: ചീഫ് ജസ്റ്റിസിന് ജയിലില്‍ പീഡനമെന്ന് മുന്‍ പ്രസിഡന്റ് നഷീദ്; ചൈനയിലേക്കും പാക്കിസ്താനിലേക്കും നയതന്ത്രസംഘത്തെ അയക്കുമെന്ന് പ്രസിഡന്റ് യമീന്‍

മുഹമ്മദ് നഷീദ്, പ്രസിഡന്റ് അബ്ദുള്ള യമീന്‍

കൊളംബോ: മാലിദ്വീപിലെ രാഷ്ട്രീയപ്രതിസന്ധിക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദിന് ജയിലില്‍ കടുത്ത പീഡനമേറ്റെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. നാടുകടത്തപ്പെട്ട് ഇപ്പോള്‍
ശ്രീലങ്കയില്‍  കഴിയുന്ന മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നേ​താ​വാ​യ നഷീദ് ട്വീറ്ററിലൂടെയാണ് ജഡ്ജിക്ക് പീഡനമേറ്റതായി ആരോപിച്ചത്.

രാജ്യത്ത് രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അബ്ദുള്ള സയിദ്, സഹജഡ്ജി അലി ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി കുറ്റമാരോപിച്ചാണ് ജഡ്ജിമാരെ അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഗയൂമിനെയും മരുമകനെയും അറസ്റ്റ് ചെയ്തിരുന്നു. നാടുകടത്തപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം 12 രാഷ്ട്രീയതടവുകാരെ മോചിപ്പിക്കാനും ഇവരുടെ പാര്‍ലമെന്റിലെ വിലക്ക് നീക്കാനും സുപ്രിംകോടതി ഉത്തരവിട്ടതോടെയാണ് രാജ്യത്ത് രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോടതിയും പ്രസിഡന്റും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും രാജ്യത്ത് പ്രസിഡന്റ്  15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുമായിരുന്നു. 12 പേരുടെ വിലക്ക് പിന്‍വലിക്കപ്പെട്ടതോടെ യാമീന്‍ സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതിനാലാണ് ഉത്തരവ് നടപ്പാക്കാന്‍ പ്രസിഡന്റ് യമീന്‍ വിസമ്മതിച്ചത്.

രാജ്യത്തെ ജനങ്ങള്‍ ഇരുചേരിയായി പ്രകടനവും പ്രതിഷേധവും ആരംഭിച്ചതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പ്രസിഡന്റ് അബ്ദുള്ള യമീനിനെ പിന്തുണയ്ക്കുന്ന സൈന്യം കോടതിയിലെത്തി ഇരു ജഡ്ജിമാരെയും പിന്നീട് മുന്‍പ്രസിഡന്റിനെയും മരുമകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്യത്തെ രാഷ്ട്രീയപ്രതിസന്ധി ഗുരുതരമായി തുടരുന്നതിനിടെ മുന്‍ ഉത്തരവ് പിന്‍വലിക്കാന്‍ ചീഫ് ജസ്റ്റീസ് തയാറായതോടെ രാഷ്ട്രീയപ്രതിസന്ധിക്ക് താല്‍ക്കാലികമായി അയവ് വന്നിരുന്നു. രാജ്യത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് മുന്‍ ഉത്തരവ് റദ്ദ് ചെയ്യുകയാണന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

ഇതിനിടെ, മാലദ്വീപില്‍ ഇടപെടല്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. മുന്‍ പ്രസിന്റ് നഷീദ് പ്രശ്‌നപരിഹാരത്തിനായി മാലിദ്വീപില്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാലിദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്നായിരുന്നു നഷീദിന്റെ ആവശ്യം. ഇന്ത്യയുമായി നല്ലബന്ധമാണ് നഷീദിനുള്ളത്. എന്നാല്‍ മാലിദ്വീപില്‍ ഇടപെടാന്‍ ഇന്ത്യക്ക് അവകാശമില്ലെന്നായിരുന്നു ചൈനയുടെ വാദം. മാലിദ്വീപ് സ്വന്തം നിലയ്ക്ക് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും മറ്റ് രാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലെന്നുമായിരുന്നു ചൈന വ്യക്തമാക്കിയത്. പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള യാ​മീനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ചൈന, അദ്ദേഹം മാലിദ്വീപ് നേതൃത്വത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

എന്നാല്‍ ചൈനയുടെ നിലപാടില്‍ ശക്തമായ എതിര്‍പ്പാണ് നഷീദ് അറിയിച്ചത്. ഇ​ന്ത്യ സൈ​നി​ക​മാ​യി ഇ​ട​പെ​ട​ണ​മെന്ന് ആവര്‍ത്തിച്ച നഷീദ്,  പ്ര​ശ്നം ആഭ്യന്തരമായി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ചൈ​ന​യു​ടെ ആ​വ​ശ്യം കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മേ ന​യി​ക്കൂ എ​ന്നും വ്യക്തമാക്കിയിരുന്നു. 1988ൽ ​ഇ​ന്ത്യ​ൻ സൈ​ന്യം മാ​ല​ദ്വീ​പ് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ച​ശേ​ഷം തി​രി​ച്ചു​പോ​യെ​ന്നും ഇ​ന്ത്യ കൈ​യേ​റ്റ​ക്കാ​ര​ല്ല വി​മോ​ച​ക​രാ​ണെ​ന്നും ന​ഷീ​ദ് ചൂ​ണ്ടി​ക്കാട്ടുകയായിരുന്നു.

അതേസമയം, ഇന്ത്യയോട് അകലം പാലിക്കുന്ന പ്രസിഡന്റ് അബ്ദുള്ള യമീന്‍, രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ധരിപ്പിക്കാന്‍ ചൈന, പാക്കിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് നയതന്ത്ര സംഘത്തെ അയക്കുമെന്ന് വ്യക്തമാക്കി. നയതന്ത്ര സംഘത്തിലുള്ള രണ്ടംഗങ്ങള്‍ വ്യാഴാഴ്ച സൗദി അധികൃതരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

DONT MISS
Top