ക്യാന്‍സറിനേപ്പറ്റിയുള്ള ഐഐടിയുടെ സെമിനാറില്‍ മുഖ്യാതിഥി രാംദേവ്!; അമേരിക്കന്‍ കമ്പനി സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചു

ബാബാ രാംദേവ് (ഫയല്‍)

ചെന്നൈ: മദ്രാസ് ഐഐടി സംഘടിപ്പിച്ച ക്യാന്‍സറിനേ സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് അമേരിക്കന്‍ കമ്പനി പിന്മാറി. പരിപാടിയുടെ മുഖ്യാതിഥിയായി ബാബാ രാംദേവിനെ നിശ്ചയിച്ചതിനേത്തുടര്‍ന്ന് അതൃപ്തരായാണ് പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

എംഡി ആന്‍ഡേഴ്‌സണ്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ടെക്‌സാസ് ആസ്ഥാനമായ ക്യാന്‍സര്‍ റിസര്‍ച്ച് സ്ഥാപനമാണ് ഐഐടിയുടെ പരിപാടിയില്‍നിന്ന് പിന്മാറിയത്. ‘ക്യാന്‍സര്‍ മുന്‍കരുതലും ചികിത്സയും, പരമ്പരാഗത മരുന്നുകളില്‍നിന്ന് ആധുനിക മരുന്നുകളിലേക്ക്’ എന്നതായിരുന്നു സെമിനാറിന്റെ വിഷയം.

നാളെയാണ് ഐഐടിയില്‍ സെമിനാര്‍ നടക്കുന്നത്. എന്നാല്‍ പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ ഇല്ലാതായത് സെമിനാറിന്റെ നിറം കെടുത്തും.

ബാബാ രാംദേവ് വന്‍ അവകാശവാദങ്ങളുമായി നേരത്തേ രംഗത്തെത്തിയിരുന്നു. ആയിരത്തിലേറെ ക്യാന്‍സര്‍ രോഗികളെ യോഗയും പതഞ്ജലി നിര്‍മിക്കുന്ന ചില മരുന്നുകളും കൊണ്ട് സുഖപ്പെടുത്തിയെന്നായിരുന്നു അവകാശവാദം. എച്ച്‌ഐവിയും ഇതേ മരുന്നുകള്‍ കൊണ്ട് സുഖപ്പെടുത്താമെന്നായിരുന്നു രാംദേവിന്റെ അവകാശവാദം. എന്നാല്‍ ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ ഐഐടി നടത്താനിരുന്ന പരിപാടിയുടെ സ്‌പോണ്‍സര്‍ക്ക് അവജ്ഞയുണ്ടാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

DONT MISS
Top