കെഎസ്ആര്‍ടിസിക്ക് ശമ്പളവിതരണത്തിനായി 70 കോടി അനുവദിച്ചെന്ന് ധനമന്ത്രി

തോമസ് ഐസക്ക്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് (കെഎസ്ആര്‍ടിസി) 70 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്ക് നിയസമഭസയില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിയിലെ ശമ്പളവിതരണത്തിനായാണ് തുക നല്‍കുന്നത്.

കോര്‍പറേഷനിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം നല്‍കുന്നതും പെന്‍ഷന്‍ വിതരണവും മുടങ്ങി സ്ഥിതി രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. ബജറ്റ് അവതരണത്തിലെ പൊതുചര്‍ച്ചയ്ക്കിടെയാണ് ധനമന്ത്രി 70 കോടി രൂപ ശമ്പള വിതരണത്തിനായി അനുവദിച്ച കാര്യം അറിയിച്ചത്.

നേരത്തെ ബജറ്റ് അവതരണത്തില്‍ കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് 1000 കോടി രൂപ അനുവദിച്ചിരുന്നു. ഇത് കൂടാതെയാണ് ശമ്പളവിതരണത്തിനായി 70 കോടി രൂപ കൂടി അനുവദിച്ചകാര്യം ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചത്.

ബജറ്റില്‍ 1000 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചങ്കിലും കോര്‍പറേഷന്റെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിക്കുള്ള പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പിലാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ കുടിശിക മാര്‍ച്ച് മാസത്തില്‍ കൊടുത്ത് തീര്‍ക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സമഗ്ര പുനസംഘടനയിലൂടെ ലാഭകരമാക്കാനാണ് ശ്രമമെന്ന് ബജറ്റ് അവതരണവേളയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന് 720 കോടി രൂപ വേണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ മാത്രം തീരുന്നതല്ല കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

DONT MISS
Top