തായ്‌വാനില്‍ ഭൂചലനം; രണ്ട് മരണം, 200 പേര്‍ക്ക് പരുക്ക്


ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടം

തായിപേയ്: തായ്‌വാന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ട് മരണം. 200 ഓളം പേര്‍ക്കാണ് ഭൂചലനത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരെ ഉടന്‍ തന്നെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തായ്‌വാനില്‍ ഉണ്ടായത്.

ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുകയും ആളുകള്‍ അതിനുള്ളില്‍ അകപ്പെടുകയും ചെയ്തതാണ് പരുക്കേറ്റവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായത്. ഒരു ഹോട്ടലും അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കും ഭൂചനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണു.

ആശുപത്രി കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചില റോഡുകള്‍ ഭാഗികമായി തകര്‍ന്നു. കെട്ടിടങ്ങളില്‍ അകപ്പെട്ട നൂറ്റമ്പതോളം ആളുകളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തായ്‌വാനില്‍ അഞ്ചോളം ഭൂചലനങ്ങളാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ഹൈവേകളും പാലങ്ങളും അടച്ചിട്ടിരിക്കുകയാണ്. തകര്‍ന്ന് ഹോട്ടലില്‍ ഉണ്ടായിരുന്ന ആളുകള്‍ക്കാണ് കൂടുതല്‍ പരുക്ക് പറ്റിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

DONT MISS
Top