‘ജാതിസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചു, ഹൈന്ദവദൈവങ്ങളെ ആക്ഷേപിച്ചു’ കുരീപ്പുഴയ്‌ക്കെതിരേ ബിജെപി പൊലീസില്‍ പരാതി നല്‍കി

കുരീപ്പുഴ ശ്രീകുമാര്‍ (ഫയല്‍)

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. ജാതിസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സംസാരിക്കുകയും ഹൈന്ദവദൈവങ്ങളെ ആക്ഷേപിച്ചുവെന്നുമാണ് കുരീപ്പുഴയ്‌ക്കെതിരെയുള്ള പരാതി. ബിജെപി കൊല്ലം ജില്ലാകമ്മിറ്റിയംഗം എസ് വിജയന്‍ കടയ്ക്കല്‍ പൊലീസിലാണ് പരാതി നല്‍കിയത്.

ഇന്നലെ കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങിനിടെ തന്നെ ഒരു സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാട്ടി കുരീപ്പുഴ ശ്രീകുമാര്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ 15 പേര്‍ക്കെതിരേ കേസെടുത്ത പൊലീസ്‌ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ  കസ്റ്റഡിയിലെടുത്തിരുന്നു. വായനശാലയില്‍ പ്രസംഗിച്ചതിന് ശേഷം പുറത്തേക്കിറങ്ങിയ തന്നെ ആക്രമിച്ചാന്‍ ശ്രമിച്ചെന്നും വായനശാലപ്രവര്‍ത്തകരെത്തി തന്നെ രക്ഷിക്കുകയായിരുന്നുവെന്നുമാണ് കുരീപ്പുഴയുടെ പരാതി. കവി കുരീപ്പുഴയ്‌ക്കെതിരേ നടന്ന ആക്രമണ ശ്രമത്തില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ ഈ വിഷത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി കുരീപ്പുഴയ്ക്കു നേര്‍ക്ക് നടന്ന ആക്രമണത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആറ് സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്നാണ് വായനശാലയില്‍ നടന്ന യോഗത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ജാതിസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചെന്നും ഹൈന്ദവദൈവങ്ങളെ ആക്ഷേപിക്കുകയും ചെയ്‌തെന്ന് കാട്ടി ബിജെപി പൊലിസില്‍ പരാതി നല്‍കിയത്.

യോഗത്തില്‍ കവി കുരീപ്പുഴ മോശമായി സംസാരിച്ചതിനെഅവിടെയുണ്ടായിരുന്നവര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വായനശാല സെക്രട്ടറി മാപ്പ് പറഞ്ഞ് പ്രസംഗിച്ചതാണെന്നും എന്നാല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് നേതൃത്വം കൊടുത്ത വാര്‍ഡ് മെമ്പര്‍ ദീപു അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കുരീപ്പുഴ പൊലീസില്‍ പരാതി നല്‍കുകയാണുണ്ടായതെന്നും ബിജെപി നല്‍കിയ പരാതിയില്‍ പറയുന്നു. സമാധാന അന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിച്ച കുരീപ്പുഴ ശ്രീകുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ബിജെപിയുടെ ആവശ്യം.

DONT MISS
Top