ആക്രമണം ആസൂത്രിതമായിരുന്നെന്ന് കുരീപ്പുഴ; സംഭവത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് കുമ്മനം

കുരീപ്പുഴ ശ്രീകുമാര്‍

കൊല്ലം: കോട്ടുക്കലില്‍ ആര്‍എസ്എസ് തനിക്ക് നേരെ നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പുരോഗമന പ്രസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കേരളം വീണ്ടും ഭ്രാന്താലയമാകുമെന്നും കുരീപ്പുഴ കൊല്ലത്ത് പറഞ്ഞു. കുരീപ്പുഴയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ ബിജെപിയുടെ ഇട്ടിവ ഗ്രാമപഞ്ചായത്തംഗം അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുരീപ്പുഴയ്‌ക്കെതിരായ അക്രമത്തിനെതിരെ രാഷ്ട്രീയ-സാസാംസ്‌കാരിക രംഗത്തുള്ള നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, അക്രമത്തില്‍ ആര്‍എസ്എസിനോ ബിജെപിക്കോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

ആര്‍എസ്എസ് തന്നെ വീണ്ടും ആക്രമിച്ചേക്കാമെന്ന് കുരീപ്പഴ ശ്രീകുമാര്‍ പറഞ്ഞു. ജാതീതയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ ഇത്തരം ശക്തികള്‍ അംഗീകരിക്കില്ല. കഴിഞ്ഞ ദിവസം നടന്ന ആക്രമണം ഇതിന്റെ തെളിവാണെന്നും കുരീപ്പുഴ വ്യക്തമാക്കി.

സാംസ്‌കാരിക നായകര്‍ക്കെതിരെ ആര്‍എസ്എസ് നടത്തുന്ന നീക്കം അമര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

എന്നാല്‍ കുരീപ്പുഴയ്‌ക്കെതിരെ ബിജെപിയുടെയോ ആര്‍എസ്എസിന്റെയോ പ്രവര്‍ത്തകര്‍ കൈയേറ്റശ്രമം നടത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൈയേറ്റശ്രമമേ ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പ്രസംഗത്തിനൊടുവില്‍ ചോദ്യം ചോദിച്ചപ്പോള്‍ കുരീപ്പുഴ അസഹിഷ്ണുത കാണിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ചിലര്‍ ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞ് മാറുകയായിരുന്നു. ചോദ്യം ചോദിക്കുന്നവരെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് അസഹിഷ്ണുതയാണ് കുമ്മനം പറഞ്ഞു.

സംഭവത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരായ ആറ് പേരെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപിയുടെ ഇട്ടിവ ഗ്രാമപഞ്ചായത്തംഗം ദീപു, ആര്‍എസ്എസ് പ്രവര്‍ത്തകരായ ശ്യാം ,മനു, കിരണ്‍,ലൈജു സുജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്‍പത് പേരെ കൂടി പിടികൂടാനുണ്ട്.

DONT MISS
Top