വൈഎ റഹീമിനും ബിജു മുത്തത്തിക്കും എംവിആര്‍ സ്മൃതി അവാര്‍ഡ്

വൈഎ റഹീം, ബിജു മുത്തത്തി

ഷാര്‍ജ: മുന്‍ മന്ത്രിയും സി.എം.പി.നേതാവുമായിരുന്ന എംവി രാഘവന്റെ പേരിലുള്ള മൂന്നാമത് ‘എംവിആര്‍ സ്മൃതി ഫൗണ്ടേഷന്‍’ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സാമൂഹ്യ, മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കൈരളി ചാനല്‍ തിരുവനന്തപുരം ന്യൂസ് ഡെസ്‌കിലെ ചീഫ് ബ്രോഡ് കാസ്റ്റ് ജേര്‍ണലിസ്റ്റ് ബിജു മുത്തത്തിക്കാണ് മാധ്യമ രംഗത്തുള്ള അവാര്‍ഡ്. സാമൂഹ്യ പ്രവര്‍ത്തനത്തിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈഎറഹീം അര്‍ഹനായി.

കൈരളി പീപ്പിള്‍ ടിവിയില്‍ പ്രതിവാര ഡോക്കുമെന്ററിയായി സംപ്രേഷണം ചെയ്യുന്ന ‘കേരള എക്‌സ്പ്രസ്’ പരമ്പരയുടെ സംവിധായകനും അവതാരകനുമാണ് ബിജു മുത്തത്തി. കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന പുറത്താക്കപ്പെട്ടതോ രേഖപ്പെടുത്താതെ പോയതോ ആയ ജീവിതകാഴ്ചകളാണ് കേരള എക്‌സ്പ്രസില്‍ അവതരിപ്പിക്കുന്നത്. കാനായി മുത്തത്തി സ്വദേശിയാണ് ബിജു.

യുഎഇയിലുള്ള ഇന്ത്യക്കാര്‍ക്കുവേണ്ടി നടത്തുന്ന സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് വൈഎ റഹീമിനെ എംവിആര്‍ സ്മൃതി അവാര്‍ഡിന് അര്‍ഹനാക്കിയത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണസമിതിയില്‍ 13 തവണ പ്രസിഡന്റും മൂന്നുതവണ ജനറല്‍ സെക്രട്ടറിയുമായിരുന്ന വൈഎ റഹീം ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന് പ്രധാന പങ്കുവഹിച്ചിരുന്നു. 38 വര്‍ഷമായി യുഎഇയിലുള്ള റഹീം കൊല്ലം മൈനാഗപ്പള്ളി സ്വദേശിയാണ്.

ഈ മാസം 22 നു വ്യാഴം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡോ ആസാദ് മൂപ്പന്‍, പിപി ശശീന്ദ്രന്‍, എംവി നികേഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് നടന്‍ ജയരാജ് വാര്യര്‍ അവതരിപ്പിക്കുന്ന കാരിക്കേച്ചര്‍ ഷോ ഉണ്ടായിരിക്കും.

DONT MISS
Top