ഐഎസ്എല്‍: ഗോളിമാരില്‍ ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലാനാരുമില്ല!

എന്തൊക്കെ തെറ്റുകുറ്റങ്ങള്‍ ടീമില്‍ ആരോപിക്കാമെങ്കിലും ഒരു കാര്യത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വേറെ ലെവലാണ്. മറ്റൊന്നുമല്ല, ഗോള്‍ കീപ്പര്‍മാരുടെ കാര്യമാണത്. പോള്‍ റച്ചുബ്കയും സുഭാഷിശ് റോയിയും നടത്തിയ സേവുകളുടെ കണക്കാണ് പുറത്തുവന്നത്.

49 സേവുകളാണ് കേരളത്തിനായി ഇരുഗോളികളുംകൂടി നടത്തിയത്. ആദ്യ കളികളില്‍ പോള്‍ റച്ചുബ്കയായിരുന്നുവെങ്കില്‍ പിന്നീട് സുഭാഷിശ് ഈ ദൗത്യം ഏറ്റെടുത്തു. രണ്ട് ഗോളികളും ഒന്നിനൊന്നിന് മെച്ചമായിരുന്നു. അസാധ്യമെന്നുകരുതിയ സേവുകള്‍ പോലും ഇരുവരും പുറത്തെടുത്തു.

ഗോളികളുടെ വ്യക്തിഗത മികവ് എടുത്താല്‍ മുംബൈ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗാണ് മുന്നില്‍. 44 സേവുകളാണ് അമരീന്ദര്‍ സിംഗ് നടത്തിയത്. 39 സേവുകള്‍ നടത്തിയ സുബ്രതാ പോളും തൊട്ടടുത്തുണ്ട്. ഇവര്‍ കൂടുതല്‍ കളികളില്‍ ഗോള്‍വല കാവല്‍ ഏറ്റെടുത്തതിനാലാണ് വ്യക്തിഗത മികവിലും മുന്നിലെത്തിയതെന്ന് വ്യക്തം.

ഈ റെക്കോര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഗോളിമാരുടെ കാര്യത്തില്‍ സന്തോഷമുണ്ടാക്കുമെങ്കിലും പ്രതിരോധത്തിലെ പാളിച്ചയും ഇതോടൊപ്പം ചൂണ്ടിക്കാട്ടപ്പെടുന്നുവെന്ന് പറയേണ്ടിവരും. ഗോള്‍ ശരാശരി കുറവാണുതാനും! കീപ്പര്‍മാര്‍ ഇത്രയും സേവുകള്‍ നടത്തിയിട്ടും ഗോള്‍ശരാശരി കുറവ്. അതുകൊണ്ടുതന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയും ഈ കണക്കുകളിലൂടെ ടീം പഠിക്കേണ്ടതുണ്ട്.

DONT MISS
Top